ഇന്ന് വിജയദിനം : സമരമവസാനിപ്പിച്ച് കർഷകർ ഗ്രാമങ്ങളിലേക്ക്

Jaihind Webdesk
Saturday, December 11, 2021

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ച് ഇന്ന് തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങും. സമരം ലക്ഷ്യം കണ്ടതിന്‍റെ ഭാഗമായി ഇന്ന് രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷമാകും  മടക്കം. താത്കാലിക ടെന്‍റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു. കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു. വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്‍റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതിൽ അഞ്ച് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈക്കാര്യങ്ങളിൽ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് കിസാൻ മോർച്ച വീണ്ടും യോഗം ചേരുന്നത്.