നീതി ലഭിക്കുംവരെ സമരം; പിന്നോട്ടില്ലെന്ന് കർഷകർ, 29 വരെ പഞ്ചാബ് ഹരിയാന അതിർത്തികളില്‍ തുടരും

Jaihind Webdesk
Sunday, February 25, 2024

 

ശംഭു (പഞ്ചാബ്): കർഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്. അഞ്ചു കർഷകരുടെ മരണത്തെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും കർഷകർ അതിർത്തികളിൽ തന്നെ തുടരുകയാണ്. തങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. നിലവിൽ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ നിർത്തിവെച്ചിരിക്കുകയാണ്. അതുവരെ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ തുടരാനാണ് തീരുമാനം. പോലീസ് നടപടിയിൽ കഴിഞ്ഞദിവസം മരിച്ച യുവ കർഷകന്‍ ശുഭ് കരണ്‍ സിംഗിന്‍റെ (21) മരണത്തിൽ പഞ്ചാബ് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

കർഷക നേതാക്കളുമായി ആറാം വട്ട ചർച്ചകൾക്ക് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും വഴങ്ങാൻ തയാറായിട്ടില്ല. അതിർത്തികളിൽ കർഷകർ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുവകർഷകന്‍റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പോസ്റ്റ്മോർട്ടം വൈകിപ്പിക്കുകയാണ്. സംഭവത്തിൽ പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിലാണ് കുടുംബം പോസ്റ്റുമോർട്ടം വൈകിപ്പിക്കുന്നത്. പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ജോലിയും ഉൾപ്പെടെ നിഷേധിച്ച കുടുംബം നീതി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ നേരിടാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും വ്യാപക നിയന്ത്രണങ്ങളേർപ്പെടുത്തിയയിരിക്കുകയാണ്. ഡൽഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിർത്തികളിലും ഹരിയാനയിലൊട്ടാകെയും ബാരിക്കേഡുകൾ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ് പോലീസ്. നേരിട്ട് ദേശീയപാതവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. ചരക്കുനീക്കവും സംസ്ഥാനാന്തര ബസ് സർവീസുകളുമടക്കം പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി.സർവീസ് റോഡുകളും ഗ്രാമീണ പാതകളും താണ്ടിവേണം ഹരിയാനയുടെ അതിർത്തി മേഖലകൾ കടക്കാൻ. ദേശീയപാതയിലാണ് ട്രാക്ടറുകളും ട്രോളികളുമായി കർഷകർ ക്യാമ്പ് ചെയ്യുന്നതും. ശംഭു, ഖനോരി അതിർത്തികൾ പൂർണ്ണമായി അടച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് കടക്കുന്ന തിക്രി, ശംഭു അതിര്‍ത്തികളും അടച്ചിട്ട് കാവല്‍ തുടരുകയാണ്.

കർഷകസമരം തുടങ്ങിയ ഫെബ്രുവരി 13 മുതൽ ഹരിയാണയിലെയും പഞ്ചാബിലെയും അതിർത്തി മേഖലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്കേര്‍പ്പെടുത്തിയ നിരോധനവും തുടരുകയാണ്. ഡൽഹി അതിർത്തികളിലും ഇന്‍റര്‍നെറ്റ് നിയന്ത്രണമുണ്ട്. ഹരിയാനയിൽ ഏഴു ജില്ലകളിൽ ഇന്‍റർനെറ്റ് വിലക്കേർപ്പെടുത്തി. സവിശേഷാധികാരം ഉപയോഗിച്ചാണ് പഞ്ചാബിൽ കേന്ദ്രസര്‍ക്കാര്‍ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ വിലക്കിയത്. സമരം നടക്കുന്ന ശംഭു, ഖനോരി അതിർത്തികളിൽ സാധാരണ ഫോൺ കോളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.