കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കർഷകസംഘടനകള്‍; 13ന് ഡല്‍ഹി മാർച്ച്, 16ന് ഗ്രാമീണ്‍ ബന്ദ്

Jaihind Webdesk
Sunday, February 11, 2024

 

ന്യൂഡല്‍ഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീൺ ബന്ദ് ഈ മാസം 16-ന്. സംയുക്ത കിസാൻ മോർച്ചയുടെ ഗ്രാമീൺ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13-ന് കർഷക – തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഡൽഹി മാർച്ച് കണക്കിലെടുത്ത് ഡൽഹി അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും ഹരിയാനയിലെ പഞ്ച് കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കർഷക സംഘടനാ പ്രതിനിധികളുമായുള്ള മന്ത്രിതല സമിതിയുടെ ചർച്ച നാളെ നടക്കും.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ട്രാക്ടർ മാർച്ച്, ഡൽഹി മാർച്ച്, ഗ്രാമീൺ ബന്ദ് അങ്ങനെ വിവിധ പ്രതിഷേധ പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയു (CITU), ഐഎന്‍ടിയുസി (INTUC) അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോയിഡയിലും കർഷകർ സമര രംഗത്താണ്.

സമരത്തിന്‍റെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭ പ്രഖ്യാപിച്ച പാർലമെന്‍റ് മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായിരുന്നു. സംയുക്ത കിസാൻ മോർച്ചയും തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തെരുവ് നാടകം , ഗൃഹ സമ്പർക്കം അങ്ങനെ വിവിധ പരിപാടികളാണ് കർഷക സംഘടനകൾ നടത്തുന്നത്. കുറഞ്ഞ താങ്ങ് വില, തൊഴിൽ നിയമങ്ങൾ, കുറഞ്ഞ വേതനം അടക്കമുള്ള കർഷക – തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നാണ് കർഷക സംഘടനകള്‍ വ്യക്തമാക്കുന്നത്.