കാലവർഷം ചതിച്ചു; ഓണ വിപണി പ്രതീക്ഷിച്ച് കൃഷി ഇറക്കിയ കർഷകർ പ്രതിസന്ധിയിൽ

Jaihind Webdesk
Saturday, July 13, 2019

ഓണ വിപണി പ്രതീക്ഷിച്ചിറക്കിയ കൃഷി പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ് കർഷകരെ. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലാണ് ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ വിളകൾ കാലവർഷം ലഭിക്കാത്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

കാന്തല്ലൂർ, പുത്തൂർ, പെരുമല, ആടിവയൽ, കീഴാന്തൂർ, കുളച്ചിവയൽ തുടങ്ങിയ ഗ്രാമങ്ങളിലായി എഴുന്നൂറ് ഹെക്ടറിലധികം പ്രദേശത്ത് കൃഷിചെയ്തിരിക്കുന്ന വിളകളാണ് മഴ ലഭിക്കാത്തത് മൂലം കരിഞ്ഞുണങ്ങിയും വരൾച്ച മുരടിച്ചും നശിച്ച് തുടങ്ങിയിരിക്കുന്നത്. സാധാരണ ഈ മാസങ്ങളിൽ ലഭിക്കുന്ന മഴ കൃഷി പരിപോഷിച്ച് വളരുന്നതിന് സഹായകമായിരുന്നു. ഇങ്ങനെ ഇത്തവണ പ്രതീക്ഷിച്ച് കൃഷിയിറക്കിയിരിക്കുന്ന ഉരുളക്കിഴങ്ങ്, ബീൻസ്, ക്യാരറ്റ്, കാബേജ്, വെളുത്തുള്ളി പോലുള്ള വിളകളേയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

ഉരുളക്കിഴങ്ങ്, വെളുത്തുള്ളി വിത്തുകൾക്ക് മുമ്പത്തേക്കാൾ ഇത്തവണ വില ഇരട്ടിയിലധികമായിരുന്നു. എന്നാലും കൃഷി മാത്രം ഉപജീവനമാക്കിയിരിക്കുന്ന പ്രദേശത്തെ കർഷകർ തമിഴ്നാട്ടിലും മറ്റിടങ്ങളിൽ നിന്നും ടൺ കണക്കിന് വിത്തുകളാണ് ഇറക്കുമതിചെയ്ത് സീസനോടനുബന്ധിച്ച് കൃഷിചെയ്തിരുന്നത്. എന്നാൽ ഈ വിളകൾ ജലദൗർലഭ്യത മൂലം അങ്ങിങ്ങായി മാത്രമാണ് മുളച്ച് പൊന്തിയത്.

കർഷകർ ഹോസിലൂടെയും മറ്റും വെള്ളം എത്തിച്ച് വിളകൾ നനക്കുന്നുണ്ടെങ്കിലും മുൻപ് അനുഭവപ്പെട്ട ശക്തമായ വേനലിനാൽ മണ്ണിന്‍റെ കാഠിന്യം വർദ്ധിക്കുകയും വെള്ളം വലിഞ്ഞ് പോകുകയുമാണ്. കടംവാങ്ങിയിറക്കിയ കൃഷി കാലവസ്ഥ വ്യതിയാനം മൂലം പ്രതിസന്ധിയിലായിരിക്കുന്നത് കർഷകന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇനിയെങ്കിലും കാലവർഷം ലഭിച്ചാൽ മാത്രമെ പ്രശ്നത്തിന് പ്രതിവിധിയുണ്ടാകുവെന്ന് കർഷകർ പറയുന്നു.