കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം ; കര്‍ഷകര്‍ക്കുനേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു


ഡല്‍ഹി : കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനിടെ സംഘര്‍ഷം. 12 മണിക്കാണ് ‘ദില്ലി ചലോ’ മാര്‍ച്ച് ആരംഭിച്ചത്. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ സംഘര്‍ഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചു കര്‍ഷകര്‍ക്കു പരുക്കേറ്റു. അനുമതിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ രണ്ടു തവണ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു.

101 കര്‍ഷകരാണ് മാര്‍ച്ച് നടത്തിയത്. ഡല്‍ഹിയിലേക്ക് പോകണമെങ്കില്‍ അനുമതി ആവശ്യമാണെന്ന് അംബാല എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രശ്‌ന പരിഹാരത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശമുണ്ട്. 18നാണ് യോഗം. അതുവരെ നിയമങ്ങള്‍ പാലിക്കണമെന്നും എസ്പി അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണം. രാജ്യതലസ്ഥാനത്തു പോയി പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണെന്നും കര്‍ഷക ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment