കർഷകരുടെ മൃതദേഹവുമായി ലഖിംപൂർ ഖേരിയില്‍ ഉപരോധം ; രാഷ്ട്രീയ നേതാക്കളെ പൊലീസ് തടയുന്നു ; കടുത്ത പ്രതിഷേധം

Jaihind Webdesk
Monday, October 4, 2021

 

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനമിടിച്ച് കയറി കർഷകർ കൊല്ലപ്പെട്ടതില്‍ ഉത്തർപ്രദേശില്‍ കടുത്ത പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദ്ദേഹവുമായി  കർഷകർ റോഡ് ഉപരോധിക്കുകയാണ്. ഡല്‍ഹി യുപി ഭവന്‍റെ മുന്നിലേക്ക് കർഷകസംഘടനകൾ മാർച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേധ മാർച്ച് നടക്കുക. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തമ്പടിച്ചു കഴിഞ്ഞു.

അതിനിടെ കർഷകർക്ക് കൂടുതൽ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്നൌവിൽ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് നടന്ന് ലഖിംപൂർഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രിയങ്കയെ സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

സ്ഥലത്തേക്ക് എത്താനിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്‍റെ വിമാനത്തിന് ലക്നൗവിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ലന്നാണ് യുപി പൊലീസ് നിലപാട്.

ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകർ ഉൾപ്പെടെ 8 പേരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കും 14 പേർക്കുമെതിരെ കേസെടുത്തു.