കർഷകപ്രക്ഷോഭത്തില്‍ മരിച്ചവരുടെ കണക്കില്ലെന്ന് കേന്ദ്രം; ലോക്സഭയില്‍ കണക്ക് നിരത്തി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, December 7, 2021

ന്യൂഡല്‍ഹി : പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കുമായി രാഹുൽ ഗാന്ധി ലോക്സഭയിൽ. പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കൊണ്ട് കാര്യമില്ലെന്നും രക്തസാക്ഷികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മരിച്ച കർഷകരുടെ കണക്കുകളും രാഹുൽ ഗാന്ധി സഭയുടെ മേശപ്പുറത്ത് വെച്ചു.

വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാരിന് കണക്കു നിരത്തിയാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധി മറുപടി പറഞ്ഞത്. ശൂന്യവേളയിൽ വിഷയം ഉന്നയിച്ച രാഹുൽ ഗാന്ധി, മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. നഷ്ടപരിഹാരത്തിനൊപ്പം ആശ്രിതർക്ക് ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മാപ്പ് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ലെന്ന് പറഞ്ഞ രാഹുൽ മരിച്ചവരുടെ കണക്കും സഭയയുടെ മേശപ്പുറത്ത് വെച്ചു.

പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായി. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷനേതാക്കൾ ഇന്നും പ്രതിഷേധിച്ചു. അതേസമയം സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാരും രാജ്യസഭാ അധ്യക്ഷനും. മാപ്പ് പറയാതെ രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് പാർലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ശൈത്യകാലസമ്മേളനം ബഹിഷ്‌കരിക്കാൻ ടിആർഎസ് തീരുമാനിച്ചു. പാർലമെന്‍റിൽ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കർശന നിർദേശം നൽകി.