തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലക്കാട് നെന്മാറയില്‍ നെല്‍ കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനജനകമാണ്. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയും കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യഥാസമയം സംഭരിച്ച നെല്ലിന് തുക നല്‍കാത്തത് നെല്‍ കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉഷ്ണ തരംഗത്തിലും അതിതീവ്ര മഴയിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടീസുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്ക് പ്രവഹിക്കുകയാണ്. എന്നിട്ടും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നെല്‍ കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതടക്കം കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. പ്രകൃതി ദുരന്തവും കൃഷിനാഷശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പ്രതിസന്ധി നേരിടുന്ന കര്‍ഷക സമൂഹത്തിനായി അടിയന്തിരമായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.