കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; പാലക്കാട് ചിറ്റൂര്‍ സ്വദേശി മുരളീധരനാണ് ജീവനൊടുക്കിയത്

Jaihind Webdesk
Wednesday, November 23, 2022

പാലക്കാട്:പാലക്കാട് ചിറ്റൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത്.                                   52 വയസായിരുന്നു. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയിരുന്നില്ല. ഇതിൽ ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാർ പറയുന്നു. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി ചെയ്തത്. 15 ദിവസം മുൻപ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാൽ ഇത് തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിലും കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് എടുത്ത 8 ലക്ഷം രൂപ കുടിശിക ആയിരുന്നു. 8 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്ന് നോട്ടീസ് വന്നതിന് പിന്നാലെ വേലായുധൻ ആത്മഹത്യ ചെയ്യുകയായിരുന്നു.