കോഴിക്കോട്: കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് എടുത്ത 8 ലക്ഷം രൂപ കുടിശിക ആയിരുന്നു. 8 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്ന് നോട്ടീസ് വന്നതിന് പിന്നാലെ വേലായുധൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ബാങ്കിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാവാതെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. 8 ലക്ഷം രൂപയും പലിശയും എല്ലാം കൂടി 9,25,182 രൂപ ആയതോടെയാണ് ബാങ്ക് നോട്ടീസ് അയച്ചു. ഉടൻ 4,83,040 രൂപയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് പോകും എന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യം നേരത്തെ ബാങ്ക് ജീവനക്കാർ വീട്ടിൽ എത്തി അറിയിച്ചപ്പോൾ സാവകാശം വേണം എന്ന് വേലായുധൻ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)