അന്ധ്രാപ്രദേശില്‍ ഫെതായ് ചുഴലിക്കാറ്റില്‍ സ്വന്തം കൃഷി നശിച്ചതില്‍ മനംനൊന്ത് കര്ഷകന് കൃഷിയിടത്തില്‍ ഹൃദയംപൊട്ടി മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ചൊവ്വാഴ്ചയാണു സംഭവം. ഗോട്ടിപ്പള്ളി ചിന്നറാവു എന്ന 69കാരനാണ് കൃഷിയിടത്തില്‍ മരിച്ചുവീണത്.
കൃഷിയിടത്തില്‍ മരിച്ചുകിടക്കുന്ന ചിന്നറാവുവിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ചുഴലിക്കാറ്റിലാണ് ചിന്നറാവുവിന്റെ കൃഷി നശിച്ചത്.
ചൊവ്വാഴ്ച പാടത്ത് വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ബണ്ട് പൊട്ടിച്ചുവിടുന്നതിനായാണ് ചിന്നറാവു പാടത്തേക്കു പോയത്. എന്നാല്‍ കൊയ്യാറായ നെല്ല് നിലംപതിച്ച കാഴ്ചയാണ് ചിന്നറാവു കണ്ടത്. ഞെട്ടലില്‍ ഇദ്ദേഹം പാടത്തു കുഴഞ്ഞുവീഴുകയായിരുന്നു. നാലു മക്കളാണ് ചിന്നറാവുവിന്.
മുമ്പുണ്ടായ ചുഴലിക്കാറ്റിലും പിതാവിന് കൃഷിനാശം നേരിട്ടിരുന്നതായി ചിന്നറാവുവിന്റെ മകന് കാമേശ്വര് പറഞ്ഞു. ചിന്നറാവുവിന്റെ രണ്ടേക്കറിലെ കൃഷി പൂര്‍ണമായും നശിച്ചതായി മറ്റൊരു കര്ഷകന് പറഞ്ഞു.
48 മണിക്കൂര്‍ വീശിയടിച്ച ഫെതായ് കൊടുങ്കാറ്റില്‍ 60,000 ഏക്കറിലെ കൃഷി ആന്ധ്രാപ്രദേശില്‍ നശിച്ചതായാണു പ്രാഥമിക കണക്ക്. 243 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. രണ്ടു മാസം മുമ്പ് തിത്ലി കൊടുങ്കാറ്റില്‍ ശ്രീകാകുളത്ത് വന്‍ കൃഷിനാശം നേരിട്ടിരുന്നു.