പൊലീസ് ലാത്തിചാർജില്‍ തലയ്ക്ക് പരിക്കേറ്റ കർഷകന്‍ മരിച്ചു ; രാജ്യം ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, August 29, 2021

ഹരിയാന :  കര്‍ണാലില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സുശൂല്‍ കാജലാണ് മരിച്ചത്.  ഇദ്ദേഹത്തിന്‍റെ തലയ്ക്കും കാലിനും പരിക്ക് പറ്റിയിരുന്നു.

കര്‍ണാലിലെ ഗരോദയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ച ബിജെപി ജനപ്രതിനിധികളുടെ യോഗസ്ഥലത്തേക്കായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. മാര്‍ച്ച് തടഞ്ഞു പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്കു പരുക്കേറ്റു.

ഹരിയാന പൊലീസിന്‍റെ യഥാര്‍ഥ മുഖമാണു വ്യക്തമായതെന്നു കര്‍ഷക സംഘടന നേതാവ് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കര്‍ഷകര്‍ക്കു നേരെയുള്ള പൊലീസ് അക്രമത്തില്‍ രാജ്യം ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകര്‍ക്കു നേരെയുള്ള ആക്രമണം ബിജെപി സര്‍ക്കാരിന്‍റെ ശവപ്പെട്ടിയിലെ ആണികളായി മാറുമെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.

പ്രതിഷേധവുമായി എത്തുന്ന കര്‍കരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഹരിയാനില്‍ കര്‍ഷകര്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തിട്ടിട്ടുണ്ട്.