കർഷകന്‍ കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

Jaihind Webdesk
Thursday, March 7, 2024

കർഷക മാർച്ചിൽ പ്രതിഷേധിച്ച യുവകർഷകൻ ശുഭ്‌കരൻ സിംഗിന്‍റെ മരണത്തിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേഡ് ജഡ്ജിയും രണ്ട് എഡിജിപിമാരും അടങ്ങുന്ന സമിതിയാണ് കേസ് അന്വേഷിക്കുക.

മിനിമം താങ്ങുവില എന്ന ആവശ്യവുമായി ഫെബ്രുവരി 13നാണ് രാജ്യ തലസ്ഥാനത്തേക്ക് കർഷകർ മാർച്ച് ആരംഭിച്ചത്. എന്നാൽ അതിർത്തികളിൽ പോലീസ് കർഷകരെ തടഞ്ഞതോടെ സംഘർഷം ആവുകയും കനൗരിയിൽ യുവകർഷകൻ കൊല്ലപ്പെടുകയും ആയിരുന്നു. സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്‍റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പഞ്ചാബ് –  ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. റിട്ടയേർഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എഡിജിപിമാരും ഉണ്ട്.

കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബ് സർക്കാരിനെ കോടതി വിമര്‍ശിച്ചു.  ഏന്തുതരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഹരിയാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. എന്തിനാണ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്നും കോടതി ചോദിച്ചു.
വ്യക്തമായ കാരണങ്ങളാൽ അന്വേഷണം പഞ്ചാബിനോ ഹരിയാനയ്‌ക്കോ കൈമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തേണ്ടതായിട്ടുള്ളതിനാൽ ഇന്നലെ ആരംഭിക്കും എന്ന് അറിയിച്ച കർഷക മാർച്ച് നീട്ടിവെക്കുകയാണെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.