
തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 48 പേരെയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ മറ്റുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തില്‍ ശ്രദ്ധാകേന്ദ്രമാവുന്നത് യുവ സ്ഥാനാര്‍ത്ഥിയായ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് ആണ്. ആശാ സമര നേതാവിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയമാണ്. പട്ടിക പ്രഖ്യാപിച്ചുകൊണ്ട്, യു.ഡി.എഫ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന് കെ. മുരളീധരന്‍ എം.പി. ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാളെ മുതല്‍ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും, വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.മുരളീധരന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് നാളെ തുടക്കമാകും. 9 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയാണ്. ഇതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. നാളെ മുതല്‍ നവംബര്‍ 12 വരെ വാഹനപ്രചരണ ജാഥ നടത്തുമെന്നും ദാര്‍ഘകാലത്തിനു ശേഷം തിരുവനന്തപുരത്ത് യുഡിഫ് അധികാരത്തില്‍ എത്തുമെന്നും ഡിസിസി അദ്ധ്യക്ഷന്‍ എന്‍.ശക്തന്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവ നേതാക്കള്‍ വരെ അണിനിരക്കുകയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍. തിരഞ്ഞെടുപ്പ് രംഗത്തേക്ക് കോണ്‍ഗ്രസ് ചുവടുറപ്പിച്ചിരിക്കുകയാണെന്ന് ഈ മുന്നേറ്റത്തില്‍ നിന്ന് വ്യക്തമാണ്്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും പേരൂര്‍ക്കട ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയുമാണ് വൈഷ്ണ എന്ന യുവ നേതാവ്. 24 വയസ്സ് മാത്രമുള്ള വൈഷ്ണ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇതിനു പുറമെ, തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി വിവിധ ടി.വി. ചാനലുകളിലും മറ്റ് പ്രധാന പരിപാടികളിലും അവതാരകയായും വൈഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഇവര്‍, തിരുവനന്തപുരം ഗവ.വനിതാ കോളേജ് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ബാസ്‌കറ്റ് ബോള്‍ താരവും കര്‍ണാടക സംഗീതജ്ഞയും കൂടിയായ വൈഷ്ണ, ഇന്ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വാര്‍ഡുകളില്‍ സജീവമാവാനൊരുങ്ങുകയാണ്.
കോണ്‍ഗ്രസിന്റെ പട്ടികയില്‍ ശ്രദ്ധേയരായ മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ആക്കുളം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ ആക്കുളം സുരേഷിന്റെ ഭാര്യ സുധാകുമാരി സുരേഷ് മത്സരിക്കും. പാളയം വാര്‍ഡില്‍, തിരുവനന്തപുരം മുന്‍ എം.പി. എ. ചാള്‍സിന്റെ മരുമകള്‍ ഷേര്‍ളിയാണ് സ്ഥാനാര്‍ത്ഥി. ഉള്ളൂര്‍ ജോണ്‍സണ്‍ ജോസഫ്, കഴക്കൂട്ടം എം.എസ്. അനില്‍കുമാര്‍, മണ്ണന്തല വനജ രാജേന്ദ്ര ബാബു, പേട്ട അനില്‍കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫ്. ഘടകകക്ഷിയായ സി.എം.പി.യുടെ ജില്ലാ സെക്രട്ടറി എം.ആര്‍. മനോജ് തൈയ്ക്കാട് വാര്‍ഡിലും, വി.ആര്‍. സിനി ഇടവക്കോട് വാര്‍ഡിലും മത്സരിക്കും.
ഇതുകൂടാതെ, നേമം നിയോജക മണ്ഡലത്തിനു കീഴിലുള്ള രണ്ട് വാര്‍ഡുകളിലേക്ക് ജവഹര്‍ ബാല്‍മഞ്ച് ദേശീയ ചെയര്‍മാന്‍ ജി.വി. ഹരിയേയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനേയും മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം ആലോചിക്കുന്നുണ്ട്. ഈ സ്ഥാനാര്‍ത്ഥികളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ജില്ലാ നേതൃത്വം.