ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ ആദിവാസി സമൂഹത്തോട് വഞ്ചന കാണിച്ചതായി കൊലുമ്പൻ കോളനി ഊര്മൂപ്പനും കൊലുമ്പന്‍റെ കൊച്ചു മകനുമായ തേനൻ ഭാസ്‌കരൻ കാണി പറഞ്ഞു. കൊലുമ്പൻ കോളനിയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പൊന്നാട്ടിന് വേണ്ടി പൂജ നിർവ്വഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലു തവണയും എംഎൽഎ റോഷി അഗസ്റ്റിൻ വിജയിയായത് കൊലുമ്പൻ സമാധിയിൽ എത്തി പ്രാർത്ഥിച്ച് അനുഗ്രഹം നേടിയ ശേഷമായിരുന്നു. നാലു തവണയും എംഎൽഎയുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ച തേനൻ ഭാസ്‌കരനാണ് എംഎൽഎക്കെതിരെ പൊട്ടിത്തെറിച്ചത്. 70 ലക്ഷം രൂപ മുതൽമുടക്കിലാണ് അടുത്തിടെ സമാധിസ്ഥലം നവീകരിച്ചത്. യു ഡി എഫ് ഭരണ കാലത്താണ് ഇടുക്കി അണക്കെട്ടിന്‍റെ വഴികാട്ടിയായ കൊലുമ്പനു വേണ്ടി വെള്ള പാറയിൽ സമാധിസ്ഥലം നവീകരിച്ച് നിർമ്മിക്കുവാൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് ഏറെ പ്രക്ഷോഭങ്ങളും സമരങ്ങൾക്കും ഒടുവിലാണ് അടുത്തിടെ കൊലുമ്പൻ സമാധിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ കൊലുമ്പൻ സമാധിയുടെ നിർമാണം പൂർത്തീകരിക്കുകയോ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നടപടികൾ ഏങ്ങുമെത്തിക്കാതെ ആയിരുന്നു ഉദ്ഘാടനം. ഇത് ഇലക്ഷൻ മുന്നിൽകണ്ടുള്ള നടപടിയാണെന്ന് ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനിടെയാണ് എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി തേനൻ ഭാസ്‌കരൻ തന്നെ രംഗത്തെത്തിയത്.
കൊലുമ്പൻ കോളനിയിൽ നിന്നുള്ള ഒരാൾ ജയിച്ചു വന്നാൽ കൊലുമ്പൻ സമാധിയുടെയും കോളനി യുടെയും നവീകരണത്തിന് അത് മുതൽക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി തേനൻ ഭാസ്‌കരൻ പറഞ്ഞു.
ജനറൽ സീറ്റ് ആയിരുന്ന വാഴത്തോപ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഉൾപ്പെടുന്ന കൊലുമ്പൻ കോളനിയിൽ യുഡിഎഫ് നിർത്തിയിരിക്കുന്നത് ദളിത് വിഭാഗത്തിൽ നിന്നുള്ള രമേശ് പൊന്നാട്ടിനെയാണ്. കോളനിയുടെയും വാർഡിന്റെയും വികസനത്തിനായി ആത്മാർത്ഥമായ ഇടപെടൽ ഉണ്ടാകുമെന്ന് രമേശ് പൊന്നാട്ടും പറഞ്ഞു.