കോട്ടയം മുണ്ടക്കയം പുഞ്ചവയലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ചേരുതോട്ടില്‍ ബീന (50), മകള്‍ സൗമ്യ (28) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ സൗമ്യയുടെ ഭര്‍ത്താവ് പ്രദീപിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഏറെ നാളായി സൗമ്യയുമായി അകന്നു കഴിയുകയായിരുന്ന പ്രദീപ്, ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി ബീനയെയും സൗമ്യയെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ കൈവശം കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആറ് വയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് പ്രദീപ് ഈ ക്രൂരകൃത്യം ചെയ്തത്.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീടിന് പുറത്തേക്ക് ഓടിയ അമ്മയെയും മകളെയും ഇയാള്‍ മുറ്റത്തും റോഡിലിട്ടും വീണ്ടും വെട്ടുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രദീപ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബീനയെയും സൗമ്യയെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.