ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ: പ്രതികള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്; പരാതിയുമായി ബന്ധുക്കള്‍

Jaihind News Bureau
Tuesday, September 15, 2020

കോഴിക്കോട് കക്കോടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണിമൂലം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഭീഷണിപ്പെടുത്തിയവരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നിട്ടും പോലീസ് നടപടി എടുക്കുന്നില്ല എന്നാണ് ബന്ധുക്കളുടെ പരാതി.

കഴിഞ്ഞ സെപ്റ്റംബർ 6 നാണ് കോഴിക്കോട് കക്കോടി പൂവത്തൂർ സ്വദേശിയായ ദിനേശൻ ആത്മഹത്യ ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്നെ മരണത്തിന് കാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മൃതദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് ബന്ധുക്കളുടെ മൊഴി എടുക്കാൻ പോലും പൊലീസ് തയ്യാറായത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുർജിത് എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നിട്ടും ഇതുവരെയും ഇവരെ പൊലീസ് അറസ്റ്റു ചെയ്യാൻ തയ്യാറായിട്ടില്ല.

ദീർഘകാലം സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന പൂവത്തൂർ ദിനേശൻ സിപിഎമ്മിന്‍റെ പ്രവർത്തന രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറഞ്ഞതിനെ പേരിലാണ് പാർട്ടിയിൽ നിന്നും അകന്നത്. ഇതിന്‍റെ പേരിൽ സിപിഎമ്മിൽ നിന്ന് വലിയ ഭീഷണി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. നിരന്തരമായ ഇത്തരം ഭീഷണികൾ കൂടാതെ പ്രദേശത്തെ കണ്ടോൺമെന്‍റ് സോണുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടി സിപിഎമ്മുമായി ഇദ്ദേഹത്തിന് വാക്കുതർക്കം ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.