രാജീവ് ഗാന്ധിയ്ക്ക് ആദരവര്‍പ്പിച്ച് കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയില്‍

Jaihind Webdesk
Tuesday, May 21, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ആം ചരമവാർഷിക ദിനത്തിൽ രാജ്യം ആദരവ് അര്‍പ്പിച്ചു. രാജീവ് ഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും, ഭാര്യയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി എന്നിവർ പുഷ്പാർച്ചന നടത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. ഇന്നും ഇന്ത്യൻ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓർക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്… ” എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.” സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ ഈ നേതാവിന്‍റെ ഓർമ്മകൾക്ക്  മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.