‘വിഴിഞ്ഞം സമരം തകർക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു’; വിമർശനവുമായി തൃശൂർ അതിരൂപത

Jaihind Webdesk
Tuesday, December 6, 2022

 

തൃശൂർ: വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭ. സമരത്തിനെതിരെ കൈ കോർത്ത സിപിഎം- ബിജെപി നിലപാടിനെയും സഭ വിമർശിക്കുന്നു. ‘കത്തോലിക്ക സഭ’യുടെ പുതിയ ലക്കത്തിലാണ് വിഴിഞ്ഞം സമരത്തിലെ നിലപാട് വ്യക്തമാക്കുന്നത്. വിഴിഞ്ഞം സമരം തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖപത്രം പറയുന്നു. സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും കൈ കോര്‍ത്തത് കൗതുകകരം. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന് വീണ്ടും തെളിഞ്ഞുവെന്നും കത്തോലിക്ക സഭ വ്യക്തമാക്കുന്നു.

ലത്തീന്‍ അതിരൂപത ഏറ്റെടുത്ത സമരം കിടപ്പാടം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയാണ്. പുലിമുട്ടിന്‍റെ മൂന്നിലൊരുഭാഗം നിര്‍മ്മിച്ചപ്പോഴേക്കും പാരിസ്ഥിതികാഘാതം വ്യക്തമായി. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി മാറി. മത്സ്യബന്ധനത്തിനോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ കഴിയുന്നില്ല. സമരത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. സമരത്തെ എതിര്‍ക്കുന്നവര്‍ മത്സ്യതൊഴില്‍ മേഖലയുമായി ബന്ധമില്ലാത്തവരാണ്. ജനവിരുദ്ധ വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് ഉറപ്പാണെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. കെ-റെയില്‍ പദ്ധതി ഇതിന് ഉദാഹരണമാണെന്ന് അദാനി പക്ഷക്കാര്‍ മനസിലാക്കണമെന്ന് കൂടി ‘കത്തോലിക്ക സഭ’ ഓർമിപ്പിക്കുന്നു.