ഡോക്ടറെ കെെയ്യേറ്റം ചെയ്തെന്ന കള്ളക്കേസ്; കോണ്‍ഗ്രസ് നേതാക്കളെ വെറുതെ വിട്ടു

 

നിലമേൽ:  നിലമേൽ സിഎച്ച്സിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തെന്ന കള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ വെറുതെ വിട്ട് പോലീസ്. കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ കൈയ്യേറ്റം ചെയ്ത് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചായിരുന്നു കേസ്. ചടയമംഗലം പോലീസാണ് കേസ് ചാർജ് ചെയ്തത്.  ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വാക്സിൻ വിതരണം സുതാര്യമാക്കുവാനും വേണ്ടി ഡോക്ടറുമായി സംസാരിക്കുവാൻ പോയ കോൺഗ്രസ്‌ നേതാക്കളെ കള്ളകേസിൽ പെടുത്തുകയായിരുന്നു.

2021 ജൂലൈ 19നായിരുന്നു സംഭവം. അന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്ന വി. വിനീത, വൈസ് പ്രസിഡന്‍റ്‌ അഡ്വ. നിയാസ് മാറ്റാപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. റാഫി, എസ്. ജയശ്രീ, നിഷാ ഹരീന്ദ്രൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ്‌ വി. ബിനു, മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ഷെമീന പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എസ്.എൽ. സുജിത്ത്, പഞ്ചായത്ത്‌ മെമ്പർമാരായ എസ്.എൽ. സുനിൽ, ഹസീന ബുഹാദ്, എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കിയിരുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ വിഷയം ചർച്ചയായിരുന്നു.

കെപിസിസി പ്രസിഡന്‍റ്‌ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ ഈ വിഷയത്തിൽ ഇടപെടുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. നേതാക്കള്‍ക്ക് വേണ്ടി അഡ്വ. കടയ്ക്കൽ രവീന്ദ്ര കുമാർ, അഡ്വ. പട്ടാഴി മധു, അഡ്വ. രാകേഷ് കുമാർ എന്നിവർ ഹാജരായി. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറുമായി സംസാരിക്കുവാൻ പോയ കോൺഗ്രസ്‌ നേതാക്കളെ കള്ളകേസിൽ പെടുത്തി അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്യുവാൻ നേതൃത്വം നൽകിയ എൽഡിഎഫ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ ആവശ്യപ്പെട്ടു.

Comments (0)
Add Comment