മലപ്പുറം നഗരസഭയില്‍ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയ വ്യാജ വോട്ട് ചേര്‍ക്കലിനെതിരെ പോലീസ് കേസെടുത്തു. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് തിരുത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സമര്‍പ്പിച്ച അഞ്ചുപേര്‍ക്ക് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഇത്തിള്‍പറമ്പ് സ്വദേശികളായ അഞ്ചുപേര്‍ക്ക് എതിരെയാണ് എസ്എസ്എല്‍സി ബുക്കില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി കേസെടുത്തത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച കൂടുതല്‍ വിവരങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കൂടാതെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ല കളക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയും തുടര്‍നടപടികളിലേക്ക് പ്രവേശിക്കുന്നുണ്ട്. സിപിഎം , ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ബുക്കില്‍ കൃത്രിമം നടത്തി പത്താംതരത്തിലും, പ്ലസ് വണ്ണിനും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാപകമായി വ്യാജ രേഖകള്‍ സൃഷ്ടിച്ചു വോട്ട് ചേര്‍ക്കല്‍ നടത്തിയത്.
നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ മേല്‍ വിഷയത്തില്‍ കഴിഞ്ഞദിവസം ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വ്യാപകമായി കൃത്രിമ രേഖകള്‍ ചമക്കുന്നതിന് കൂട്ടുനിന്ന സൂപ്രണ്ടിന് എതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം സര്‍ക്കാരിനെയും കോടതിയെയും സമീപിക്കുന്നതിനുള്ള നീക്കത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ സമാന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു