കണ്ണൂരില്‍ കള്ളവോട്ട്; തര്‍ക്കം, ഉന്തിലും തള്ളിലും വോട്ടിങ് യന്ത്രം നിലത്തുവീണ് തകര്‍ന്നു; വോട്ടിങ് നിര്‍ത്തിവെച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് തര്‍ക്കം. തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ വേശാല എല്‍.പി സ്‌കൂളിലെ 173 നമ്പര്‍ ബൂത്തിലാണ് കള്ളവോട്ടെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. തര്‍ക്കത്തിനിടെ വോട്ടിങ് യന്ത്രം നിലത്തുവീണ് പൊട്ടിയതിനെത്തുടര്‍ന്ന് വോട്ടിങ് നിര്‍ത്തി വച്ചു. യു.ഡി.എഫ് ബൂത്ത് ഏജന്‍റ് ഹാഷിന് മര്‍ദ്ദനമേറ്റു.

സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതികളാണ് ഉയരുന്നതിനിടെയാണ് പലയിടത്തും കള്ളവോട്ട് പരാതിയും ഉയരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും രാവിലെ തന്നെ കള്ളവോട്ട് രേഖപ്പെടുത്തപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയര്‍ന്നു. ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. സംസ്ഥാനത്തുടനീളം ഒട്ടേറെ ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. പലയിടത്തും മണിക്കൂറുകളോളം വൈകിയാണ് വോട്ടെടുപ്പ് തുടങ്ങാനായത്.

Comments (0)
Add Comment