MALAPPURAM| മലപ്പുറത്ത് കള്ളവോട്ട് ചേർക്കല്‍: യുഡിഎഫിന്‍റെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി

Jaihind News Bureau
Wednesday, August 20, 2025

മലപ്പുറത്ത് കള്ളവോട്ട് ചേർക്കൽ വിവാദത്തിൽ ഉദ്യോഗസ്ഥനെന്തിരെ നടപടി. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ടിനെതിരെയാണ് ജില്ലാ കലക്ടർ നടപടിയെടുത്തത്. യു ഡി എഫി ന്റെ പരാതിയിലാണ് നടപടി. അന്വേഷണം ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകി.

മലപ്പുറം മുനിസിപ്പാലിറ്റിയിൽ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ സ്ഥാനത്ത് നിന്നും നീക്കി. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യാജരേഖ ചമച്ച് 9 പേരെ വോട്ടർ പട്ടികയിൽ ചേർത്തതിന്റെ തെളിവുകൾ സഹിതം യുഡിഎഫ് ജില്ലാകലക്ടൾക്ക് പരാതിനൽകിയിരുന്നു. പുതുതായി ചേർക്കപ്പെട്ടവരെ രേഖകളുമായി തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരാൾ പോലും ഹാജരായിരുന്നില്ല. ഇതോടൊപ്പം തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് മുനസിപ്പാലിറ്റി സെക്രട്ടറി കലയ്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

വിഷയത്തില്‍ അന്വേഷണം കാര്യക്ഷമമാക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി ബുക്ക് തിരുത്തിയാണു സി.പി.എം ജയിച്ച 3 വാര്‍ഡുകളില്‍ വ്യാജ വോട്ട് ചേര്‍ത്തതെന്നും 18 തികയാത്തവരെ അടക്കം പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൻ്റെ രേഖകളും യു.ഡി.എഫ് പുറത്തുവിട്ടിരുന്നു.