തിരുവനന്തപുരത്തും കള്ളവോട്ട്: കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് നിഷേധിച്ചു

Jaihind Webdesk
Tuesday, April 23, 2019

കൊല്ലത്ത് കള്ളവോട്ട് രേഖപ്പെടുത്തപ്പെട്ടു എന്ന് കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും കള്ളവോട്ട് ആരോപണം. തിരുവനന്തപുരം പാല്‍കുളങ്ങര യുപി സ്‌കൂളിലെ 37ാം ബൂത്തില്‍ കള്ളവോട്ടെന്ന് ആരോപണം. പൊന്നമ്മാള്‍ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. വോട്ടിന് കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാള്‍ വോട്ട് ചെയ്‌തെന്ന് ബൂത്ത് ഏജന്‍ുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വോട്ട് നിഷേധിച്ചത്.

അതേസമയം കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളില 50 ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ വോട്ട് കള്ളവോട്ടു ചെയ്തു. 7.45 നാണു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെതുടര്‍ന്നു ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കി.

ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.