പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുനരന്വേഷണ റിപ്പോര്‍ട്ട്. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണമാല മോഷണം പോയിട്ടില്ലെന്നും, വീട്ടുടമയായ ഓമന ഡാനിയല്‍ മാല സ്വന്തം വീട്ടിലെ സോഫയ്ക്കടിയില്‍ വെച്ച് മറന്നുപോയതാണെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചവറുകൂനയില്‍ നിന്ന് മാല കിട്ടി എന്നത് ജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ കള്ളിയാക്കാന്‍ പോലീസുകാര്‍ കെട്ടിച്ചമച്ച കഥയാണെന്നും ഇതോടെ തെളിഞ്ഞു.
ഓമന ഡാനിയല്‍ മാല മറവി കാരണം സ്വന്തം വീട്ടില്‍ വെച്ച് മറന്നുപോയതാണ്. പിന്നീട് അവര്‍ തന്നെ അത് സോഫയ്ക്കടിയില്‍ നി്ന്നും കണ്ടെത്തിയിരുന്നു. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിക്കാന്‍ ചവറ്കൂനയില്‍ നിന്ന് മാല കണ്ടെത്തി എന്ന കഥ പോലീസ് ഉണ്ടാക്കിയതാണ്. ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ചതിനെക്കുറിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവകുമാറിന് അറിയാമായിരുന്നു. രാത്രിയില്‍ ഇദ്ദേഹം ബിന്ദുവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.
ഈ സംഭവത്തില്‍ എസ്.എച്ച്.ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഈ കേസില്‍ നേരത്തെ ഒരു എസ്.ഐയെയും എ.എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്യുകയും സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പോലീസിനെതിരെ ഉയര്‍ന്ന ഈ കണ്ടെത്തലുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്.