ആം ആദ്മിയുടെ പേരിൽ എല്‍ഡിഎഫിന്‍റെ വ്യാജ ടെലിഫോണ്‍ കോളുകള്‍: നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി

Jaihind Webdesk
Monday, May 30, 2022

കൊച്ചി: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പേരിൽ ഇടതുപക്ഷസ്ഥാനാർത്ഥി ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് വ്യാപകമായി പ്രീ-റെക്കോർഡഡ് ഫോൺ കോളുകൾ വോട്ടർമാർക്ക് ലഭിക്കുന്നു. ഇത് വളരെ തെറ്റിദ്ധാരണ പരത്തുന്നതും അത്യന്തം അപലപനീയവുണ്. ഇത്തരം വ്യാജ ടെലിഫോൺ കോളുകൾക്കതിരെ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.

7127191540 എന്ന നമ്പറിലൂടെ ട്രൂ കോളർ മൊബൈൽ ആപ്ലിക്കേഷനിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീ-റെക്കോർഡഡ് ഫോൺ വിളികൾ നടത്തുന്നത്. ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളും ട്രൂ കോളർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ്. ഇടതുപക്ഷസ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള കോൾ ലഭിച്ചതിനുശേഷം ഫോൺ ചെക്ക് ചെയ്യുമ്പോൾ ആം ആദ്മി പാർട്ടി എന്നാണ് തെളിഞ്ഞുവരുന്നത്. 1800 ലധികം ആളുകൾ ഈ നമ്പറിനെ സ്പാം ആയി ട്രൂ കോളറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ജനങ്ങൾ ഇത്തരം കുടിലതന്ത്രങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ്. തെരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയമര്യാദകളും ധർമ്മികതയും ലംഘിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതിനെതിരെ പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ കുറ്റക്കാർക്കെതിരെ സത്വരനടപടികൾ സ്വീകരിക്കണമെന്നും ആം ആദ്മി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.