മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പേരില്‍ പാകിസ്താനില്‍ ആരംഭിച്ച വ്യാജ ഷോറൂം നിയമപോരാട്ടം വഴി പൂട്ടിച്ചു; ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡ് വിദേശ രാജ്യത്ത് നേടിയെടുത്ത സുപ്രധാന കോടതി വിധി

 

ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പേരില്‍ പാകിസ്താനില്‍ തുടങ്ങിയ വ്യാജ ഷോറൂം നിയമപോരാട്ടം വഴി അധികൃതര്‍ പൂട്ടിച്ചു. മലബാര്‍ ഗോള്‍ഡിന്‍റെ ലോഗോയും പ്രൊഡക്ട് ബ്രാന്‍ഡുകളും ഇന്‍റീരിയില്‍ ഡിസൈനുകളും അതുപോലെ പകര്‍ത്തിയാണ് പാകിസ്ഥാന്‍ സ്വദേശി വ്യാജ പേരില്‍ ഷോറൂം പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഒടുവില്‍ മലബാര്‍ ഗോള്‍ഡിന് അനുകൂലമായി പാകിസ്താന്‍ കോടതി വിധിക്ക് ഉത്തരവിട്ടു. 200 മില്യണ്‍ പാകിസ്താന്‍ കറന്‍സി പിഴ അടയ്ക്കാനും പ്രതിയെ ജയില്‍ ശിക്ഷയ്ക്കും വിധിച്ച സംഭവ ബഹുലമായ നിയമ പോരാട്ടത്തിന് കൂടിയാണ് ഇതോടെ പരിസമാപ്തിയായത്.

പാകിസ്താനിലെ ഇസ്ലാമാബാദിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന അതേ പേരില്‍ വ്യാജ ജ്വല്ലറി ഷോറൂം പ്രവര്‍ത്തിച്ചിരുന്നത്. മലബാര്‍ ഗോള്‍ഡിന്‍റെ ലോഗോയ്ക്ക് പുറമേ ആഭരണ ഡിസൈന്‍, ഷോറൂം, ഇന്‍റീരിയല്‍ ഡിസൈനുകള്‍ വരെ പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ഫൈസാന്‍ കോപ്പി ചെയ്തു. ഇതേരീതിയില്‍ മലബാര്‍ ഗോള്‍ഡിന് പേറ്റന്‍റുള്ള ഡിസൈനുകളും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചെന്നാണ് പരാതി. ഒപ്പം കമ്പനി ലോഗോയും വെബ്‌സൈറ്റുകളും ദുരുപയോഗം ചെയ്തു. ഇങ്ങനെ ഏറെ നാളായി ഇസ്ലാമാബാദില്‍ മലബാറിന്‍റെ മറ്റൊരു ശാഖ എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനമാണ് നിയമപോരാട്ടത്തിലൂടെ അടപ്പിച്ചത്.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:

യുഎഇ സന്ദര്‍ശിച്ച് ദിവസങ്ങളോളം ക്യാcdപ് ചെയ്ത പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ഫൈസാന്‍, ദുബായിലും മറ്റുമുള്ള മലബാര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂമുകളും ഡിസൈനുകളും ജീവനക്കാരുടെ യൂണിഫോം വരെ വിശദമായി പഠിച്ച് മനസിലാക്കി. ഇതിനായി പലവട്ടം ഇയാള്‍ വിവിധ ഷോറൂമുകളില്‍ കയറിയിറങ്ങി. തുടര്‍ന്ന് മലബാറിന്‍റെ പാകിസ്താനിലെ ഒരു ബ്രാഞ്ച് എന്ന രീതിയില്‍ ഷോറൂം തുറക്കുകയായിരുന്നു. മലബാര്‍ ഗോള്‍ഡിന്റെ ലോഗോയ്ക്ക് പുറമേ, പകര്‍പ്പവാകാശമുള്ള ആഭരണ ഡിസൈനുകള്‍, ഷോറൂം- ഫര്‍ണീച്ചര്‍ ഡിസൈനുകള്‍ വരെ അതേ പോലെ ഇയാള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തി ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

വ്യാജ ഷോറൂം കണ്ടെത്തിയത് എങ്ങനെ?

മലബാര്‍ ഗോള്‍ഡിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ എന്ന പോലെ പാകിസ്താന്‍ ഉപഭോക്താക്കളും ഏറെയാണ്. ഇപ്രകാരം ഇസ്ലാമാബാദില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി അറ്റകുറ്റണികള്‍ക്കും മാറ്റിയെടുക്കാനുമായി യുഎഇയിലെ വിവിധ ഷോറൂമുകളില്‍ എത്തിയ ഉപഭോക്താക്കളാണ് ഇക്കാര്യം മലബാര്‍ ഗ്രൂപ്പ് അധികൃതരെ അറിയിച്ചത്.

‘മലബാര്‍’ എന്ന പേര് പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തത് എങ്ങനെ?

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രത്യേകിച്ച് 52 രാജ്യങ്ങളിലധികം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന പേര് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ രജിസ്റ്റർ ചെയ്ത് വരികയാണ്. എന്നാല്‍ പാകിസ്താനിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ മലബാര്‍ ഗോള്‍ഡിന് തുടക്കത്തിലേ പദ്ധതി ഇല്ലായിരുന്നു. അതിനാല്‍ അവിടെ മാത്രം പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത് മുതലാക്കിയാണ് മുഹമ്മദ് ഫൈസാന്‍ മലബാറിന്‍റെ പേര് ദുരുപയോഗം ചെയ്തത്. ഇതും പാകിസ്താന്‍ കോടതി കണ്ടെത്തി.

നിയമ പോരാട്ട വഴി

വ്യാജ ഷോറൂം കണ്ടെത്തിയ ഉടന്‍ മലബാര്‍ മാനേജ്മെന്‍റ് നിയമ നടപടികള്‍ ആരംഭിച്ചു. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി സമ്പാദിച്ചത്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ പിന്തുണയും ഇതിന് ഗുണം ചെയ്തു. അതേസമയം കോടതി വിധി വരെയുള്ള എല്ലാ നിയമ നടപടികളും ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലാണ് പൂര്‍ത്തിയായത്.

കോടതി വിധി

200 മില്യണ്‍ പാകിസ്താന്‍ രൂപ പിഴയായി അടയ്ക്കാനും പ്രതിയെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കാനും കോടതി വിധിച്ചു. ജ്വല്ലറിയുടെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്ര ഉപയോഗം നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാന്‍ പ്രതി വിസമ്മതിച്ചു. തുടർന്ന് മലബാര്‍ അധികൃതര്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്തു. ഇതോടെ പാകിസ്താനിലെ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രതി പരസ്യമായി മാപ്പ് പറഞ്ഞ് ഷോറൂം പൂട്ടിക്കെട്ടുകയായിരുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ് ഒരു വിദേശ രാജ്യത്ത് നേടിയെടുത്ത സുപ്രധാന കോടതി വിധി കൂടിയാണിത്. വിവിധ രാജ്യങ്ങളെയും സമൂഹത്തെയും ആകെ തെറ്റിദ്ധരിപ്പിച്ച സംഭവ ബഹുലമായ നിയമ പോരാട്ടത്തിന് കൂടിയാണ് ഇതോടെ പരിസമാപ്തിയായത്.

ബ്രാന്‍ഡ് അംബാസിഡര്‍മാരെ ദുരുപയോഗം ചെയ്തു

ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സേവനം അനുഷ്ടിച്ചവരാണ്. ഇന്ത്യന്‍ സിനിമാ താരങ്ങള്‍ക്ക് പാകിസ്താന്‍ സമൂഹത്തില്‍ വലിയ ആരാധകരുണ്ട്. ഇതുകൂടി മനസിലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇതിനായി മലബാറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകള്‍ പാകിസ്താനിലെ ഉറുദു ഭാഷയിലൂടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതും കോടതി ഗൗരവമായി കണ്ടെത്തി.

അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിന് ശേഷമാണ് ഇയാള്‍ ഒത്തുതീര്‍പ്പിനു തയാറായത്. മലബാര്‍ ഗോള്‍ഡിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കല്‍ നടത്തിയത്. മലബാര്‍ എന്ന ലോക പ്രശ്സതമായ ബ്രാന്‍ഡിന്‍റെ മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതു ശ്രമവും തടയുമെന്ന മാനേജ്മെന്‍റിന്‍റെ നിയമ പോരാട്ടം കൂടി ഈ സുപ്രധാന കോടതി വിധിയിലൂടെ വിജയിച്ചു. ഒപ്പം വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി വളര്‍ന്ന ബ്രാന്‍ഡില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ സംരക്ഷിക്കാനും ഈ സുപ്രധാന കോടതി വിധിയിലൂടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് സാധ്യമായി. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ബ്രാന്‍ഡുകളുടെ ദുരുപയോഗം വിവിധ രാജ്യങ്ങളില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആപ്പിളിന്‍റെ വ്യാജ സ്റ്റോര്‍ ഇപ്രകാരം ചൈനയില്‍ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

Comments (0)
Add Comment