വ്യാജ ആര്‍സി നിര്‍മിച്ചു; തിരൂരങ്ങാടി ആര്‍.ടി ഓഫീസിനെതിരെ പരാതി, പോലീസ് കേസെടുത്തു

Jaihind Webdesk
Wednesday, July 3, 2024

 

മലപ്പുറം: തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിൽ വാഹനങ്ങളുടെ വ്യാജ ആര്‍സി നിര്‍മിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ആര്‍.ടി ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്‍റ് ആര്‍ടിഒ സി.പി. സക്കരിയ്യ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

വ്യാജ ആർസി ബുക്ക് നിർമിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. തിരൂരങ്ങാടി ജോയിന്‍റ് ആര്‍.ടി ഓഫീസിൽ ഏഴ് വ്യാജ ആർസി നിർമിച്ചെന്നാണ് പരാതി. തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നവരുടെ തവണ തെറ്റുമ്പോൾ ഫൈനാൻസ് ഏജൻസികൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിൽക്കാനായി വ്യാജ ആർസി ബുക്ക് നിർമിച്ചെന്ന് പരാതിയിൽ പറയുന്നു. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

യഥാർത്ഥ ഉടമസ്ഥന്‍റെ ഫോൺ നമ്പറിലാണ് ആർസി മാറ്റുമ്പോൾ ഒടിപി വരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഫോൺ നമ്പർ മാറ്റി മറ്റു നമ്പറുകളിലേക്ക് ഒടിപി വരാൻ സഹായിച്ചു എന്നാണ് തിരൂരങ്ങാടി ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആരോപണം. പരാതി പുറത്ത് വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്‍റ് ആര്‍ടിഒ പോലീസിലും – ട്രാൻസ്‌പോർട് കമ്മീഷണർക്കും പരാതി നൽകി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് ജോയിന്‍റ് ആർടിഒ വിശദീകരിച്ചു.