കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്. കേസിലെ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. പ്രതികൾ ഒളിവിൽ താമസിച്ച തമിഴ്നാട്ടിലെ പുളിയറയിൽ എത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തി.
പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാം പ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന കേന്ദ്രങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. സംഭവം പ്രതികളെ കൊണ്ട് പുനരാവിഷ്കരിപ്പിച്ചു കൊണ്ടുള്ള തെളിവെടുപ്പാണ് കഴിഞ്ഞദിവസം പത്മകുമാറിന്റെ വീട്ടിൽ ഉൾപ്പെടെ നടത്തിയത്.