കെ എം സി സി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പേരില്‍ തട്ടിപ്പ്, വ്യാജ സന്ദേശം: ടിക്കറ്റിന് 1700 ദിര്‍ഹം വരെ; മുന്നറിയിപ്പുമായി നേതൃത്വം

B.S. Shiju
Saturday, June 6, 2020

 

ദുബായ് : കൊവിഡ് കാലത്ത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പേരില്‍ ചില ട്രാവല്‍ എജന്‍സികളും വ്യക്തികളും ചാര്‍ട്ടേര്‍ഡ് തട്ടിപ്പ് നടത്തുന്നതായി ദുബായ് കെ എം സി സി കണ്ടെത്തി. സംഭവത്തിനെതിരെ, ദുബായ് കെ എം സി സി പരസ്യമായി രംഗത്തു വന്നതോടെ തട്ടിപ്പ് വിവാദം വീണ്ടും രൂക്ഷമാകുകയാണ്. കേരളത്തിലേക്ക് ഒരു ദിശയിലേക്ക് മാത്രം 1700 ദിര്‍ഹം ( ഏകദേശം 34,000 രൂപ ) വരെയാണ് ഇത്തരക്കാര്‍ ഈടാക്കാന്‍ ശ്രമിക്കുന്നത്.

ഫോണ്‍ കോള്‍ ഇങ്ങിനെ :- ” ഉടന്‍ പണം അടയ്ക്കൂ…നാട്ടില്‍ എത്തിയ്ക്കാം” 

ഇപ്രകാരം, കൊവിഡ് കാലത്ത് ആശങ്കയിലായവരെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് ഈ വ്യാജ സന്ദേശവും ഫോണ്‍ കോളുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇതിനെതിരെ വേണ്ടിവന്നാല്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് ദുബായ് കെ എം സി സി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ദുബായ് കെ എം സി സി യുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തി വരികയാണ്. ഇതനുസരിച്ച് , വിവിധ അധികാര കേന്ദ്രങ്ങളില്‍ നിന്നും പൂര്‍ണ്ണാനുവാദം ലഭിക്കുന്നത് അനുസരിച്ച് കെ എം സി സി യില്‍ റജിസ്റ്റര്‍ ചെയ്തവരെ, നാട്ടിലെത്തിക്കും. ഇതിനായി വിമാനങ്ങളില്‍ പരമാവധി കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

“ടിക്കറ്റ് ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ” നേതൃത്വം

കെ എം സി സി ചാര്‍ട്ടേഡ് വിമാനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് , പലര്‍ക്കും വ്യാപകമായി ഫോണ്‍ കോളുകള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇതുവരെ  ടിക്കറ്റുമായി ബന്ധപ്പെട്ട് ഒരു ചുമതലയും ദുബായ് കെ എം സി സി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ആക്ടിങ് പ്രസിഡണ്ട് മുസ്തഫ വേങ്ങരയും ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂരും അറിയിച്ചു.  ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും സംഘടനയുടെ പേരില്‍ ഫോണ്‍ കോളുകളോ മറ്റ് സന്ദേശങ്ങളോ നല്‍കുന്നത് നിയമപരമായി നേരിടേണ്ടി വരുമെന്നും അഡ്വ. സാജിദ് അബൂബക്കര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.