ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കത്തയച്ചു.
ഉദയ്പൂരിലെ പൈശാചികമായ കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചത്. വയനാട്ടിലെ എംപി ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം ഉദയ്പൂർ കൊലപാതകത്തിലെ പ്രതികരണം എന്ന നിലയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരു മാധ്യമം തെറ്റായി നല്കിയ വാർത്ത ബിജെപി എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. വാര്‍ത്ത പൂർണ്ണമായും തെറ്റാണെന്ന് ബോധ്യമായിട്ടും ബിജെപി നേതാക്കള്‍ തുടർന്നും സമൂഹമാധ്യമങ്ങളിലൂടെ ഇതിന് പ്രചാരണം നല്കി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കത്തയച്ചത്.
ഉദയ്പൂര്‍ കൊലപാതകം പോലെയുള്ള ഒരു വിഷയത്തില്‍ ബിജെപി ഇത്തരമൊരു നടപടി സ്വീകരിച്ചത് ബോധപൂര്‍വമാണെന്നും ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണിതിന് പിന്നില്‍. തെറ്റ് തിരുത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയ്റാം രമേശ് ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.