പഞ്ചാബില്‍ വ്യാജ മദ്യദുരന്തത്തില്‍ മരണം 21 ആയി ഉയര്‍ന്നു. അമൃത്സറിലെ മജിത ബ്ലോക്കിലെ ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. ഭംഗാലി, പതല്‍പുരി, മരാരി കലന്‍, തരൈവാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് പഞ്ചാബിലുണ്ടായത്. വ്യാജമദ്യം കഴിച്ച നിരവധി പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.് കേസില്‍ ഉള്‍പ്പെട്ട എക്‌സൈസ്, ടാക്‌സ് ഓഫീസര്‍, ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
വ്യാജമദ്യം നിര്‍മിക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ വഴിയാണ് മെഥനോള്‍ വാങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഒരേ സ്ഥലത്ത് നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ തന്നെ ചിലര്‍ മദ്യദുരന്തത്തില്‍ കൊല്ലപ്പെട്ടെങ്കിലും നാട്ടുകാര്‍ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു.