പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജന്മഭൂമിയുടെ ഡല്‍ഹി ലേഖകനായിരുന്ന പി പുരുഷോത്തമനും ഒന്നിച്ചുനില്‍ക്കുന്ന ഒരു പടം വെച്ചാണിപ്പോള്‍ സൈബർ സഖാക്കളുടെ ഒടിവിദ്യ.
2015ല്‍ എടുത്ത ഒരു പടമാണിത്. ഈ ചിത്രം ഉപയോഗിച്ച് ‘അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി പുരുഷോത്തമനോടൊപ്പം സംഘികളുടെ പുതിയ നേതാവ്’ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍, ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന പ്രയോഗം മാത്രമേ സൈബര്‍ സഖാക്കളോട് പറയാനുള്ളൂ.
ആരായിരുന്നു പുരുഷോത്തമനെന്ന് പാര്‍ട്ടി ജിഹ്വകളായ ഡല്‍ഹിയിലെ ദേശാഭിമാനി മുന്‍കാല ലേഖകന്മാരോടും കൈരളി ചാനലിലെ റിപ്പോര്‍ട്ടര്‍മാരോടും തിരക്കിയാല്‍ അറിയാം. മാത്രവുമല്ല, ആ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ദേശാഭിമാനിയുടെയും ജന്മഭൂമിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചതും ഒരേ കെട്ടിടമായ വി.പി ഹൌസിലായിരുന്നു. അതുകൊണ്ടുതന്നെ പുരുഷോത്തമനെ അവര്‍ക്ക് നന്നായി അറിയാം. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയ്ക്ക് പുരുഷോത്തമന്‍റെ സാന്നിധ്യം എല്ലായിടത്തുമുണ്ടായിരുന്നു. മന്ത്രിമാരോടൊപ്പവും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളോടൊപ്പവും പുരുഷോത്തമന്‍റെ പടം കണ്ടേക്കാം. ഒരു പഴയ പടം എടുത്ത് സംഘികളുടെ നേതാവെന്ന് രമേശ് ചെന്നിത്തലയെ വിശേഷിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ ഓര്‍ക്കുക രമേശ് ചെന്നിത്തല ആരായിണെന്ന്.
എന്‍.എസ്.യു ദേശീയ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ്, നാല് തവണ ലോക്സഭാംഗം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായിരുന്നു. ആ സമയങ്ങളിലൊക്കെ എല്ലാ മാധ്യമപ്രവര്‍ത്തകരുമായും രമേശ് ചെന്നിത്തലയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ദേശാഭിമാനിയുടെയും ജന്മഭൂമിയുടെയും വീക്ഷണത്തിന്‍റെയുമെല്ലാം റിപ്പോര്‍ട്ടര്‍മാരോട് ഒരേ സമീപനമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്. അന്നെന്നോ ഡല്‍ഹിയില്‍നിന്നെടുത്ത ഒരു പടം ഉപയോഗിച്ച് സംഘികളുടെ പുതിയ നേതാവെന്ന് രമേശ് ചെന്നിത്തലയെ വിശേഷിക്കുമ്പോള്‍ നിങ്ങളുടെ മനസ് അന്ധകാരത്തിന്‍റെ മാറാല കെട്ടിയതാണ്. ഇത്തരം പടം പ്രചരിപ്പിച്ചുകൊണ്ട് രമേശ് ചെന്നിത്തലയെ കരിവാരി തേക്കാന്‍ സൈബര്‍ സഖാക്കള്‍ എത്ര ശ്രമിച്ചാലും കഴിയില്ല. ഈ ആരോപണങ്ങളും ഈ സൈബര്‍ തുള്ളലുകളും വെള്ളത്തില്‍ വരച്ച വരപോലെയാകും. രമേശ് ചെന്നിത്തല ആരാണെന്നറിയാന്‍ വിക്കിപീഡിയയിലും ഗൂഗിളിലും തെരയേണ്ട. കെ.എസ്.യു താലൂക്ക് സെക്രട്ടറിയായി തുടങ്ങി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, കേരളത്തിന്‍റെ കരുത്തനായ ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങി കേരളീയസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം കൂടിയാണ്. പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ തലവേദന ഇന്ന് രമേശ് ചെന്നിത്തലയുടെ പൊതു ഇടപെടലാണ്. ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മലര്‍ത്തിയടിച്ചതും, ഓഖി ദുന്തത്തില്‍ സര്‍ക്കാരിന്‍റെ വീഴ്ചകളും, പ്രളയകാലത്തും ശേഷവും സര്‍ക്കാരിന്‍റെ പരാജയവും, ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും ഒരു കൊടുങ്കാറ്റായി പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയത് രമേശ് ചെന്നിത്തലയുടെ നിരന്തര ഇടപെടലുകളായിരുന്നു. സൈബര്‍ സഖാക്കള്‍ ഒന്നോര്‍ക്കുക. പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല.
ഇനി സൈബര്‍ സഖാക്കളുടെ ചിന്തയ്ക്കും ശ്രദ്ധയ്ക്കുമായി ഒരു പടം കൂടി ഇവിടെ ചേര്‍ക്കുന്നു. ഈ പടം ഒന്നു വിലയിരുത്തുക.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിനിടെ കണ്ടപ്പോള്‍ സൌഹൃദസംഭാഷണം നടത്തുന്നതാണ്. ഈ പടം നോക്കി ഇത് രാഷ്ട്രീയ അന്തര്‍ധാരയും രഹസ്യധാരണയുമാണെന്ന് ആരെങ്കിലും വിശേഷിപ്പിക്കുമോ? ഇതിനുത്തരം സൈബര്‍ സഖാക്കള്‍ തന്നെ പറയേണ്ടതുണ്ട്.