വിശ്വാസ സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍; അടൂര്‍ പ്രകാശ് എം.പി നയിക്കും

Jaihind News Bureau
Wednesday, October 15, 2025

 

ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കും സ്വര്‍ണ്ണക്കൊള്ളക്കുമെതിരെ അടൂര്‍ പ്രകാശ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തും.

രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നിന്നാണ് യാത്രയുടെ പ്രയാണം ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരം 3 മണിയോടെ ചിറയിന്‍കീഴ് ശാര്‍ക്കരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

തുടര്‍ന്ന്, തിരുവനന്തപുരം ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് ജാഥ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലയുടെ അതിര്‍ത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വെച്ച് കൊല്ലം ഡി.സി.സി. യാത്രയെ വരവേല്‍ക്കും.

വൈകുന്നേരം 6 മണിയോടെ കൊല്ലം നഗരത്തില്‍ യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വീകരണ സമ്മേളനം ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ജോണ്‍ ഉദ്ഘാടനം ചെയ്യും. ശബരിമല വിഷയത്തിലെ ആശങ്കകളും ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വിശ്വാസ സംരക്ഷണ യാത്ര പുരോഗമിക്കുന്നത്.