ശബരിമല സ്വര്‍ണക്കൊള്ളയ്ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസ സംരക്ഷണ യാത്ര പര്യടനം പൂര്‍ത്തിയാക്കി കാരയ്ക്കാടു നിന്ന് പദയാത്രയായി അയ്യന്റെ ജന്മദേശമായ പന്തളത്തേയ്ക്ക് എത്തി. ആയിരക്കണക്കിനു വിശ്വാസികളാണ് വിശ്വാസസംഗമത്തിലേയ്ക്ക് ഒഴുകി എത്തിയത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ വിശ്വാസികള്‍ അണിചേരുന്നതാണ് യാത്രയില്‍ ഉടനീളം കണ്ടത്. ഒക്ടോബര്‍ 14 ന് ആരംഭിച്ച മേഖലാ ജാഥ ഇന്നലെയാണ് സംസ്ഥാനത്തുടനീളം പര്യടനം പൂര്‍ത്തിയാക്കി ചെങ്ങന്നൂരില്‍ സമാപിച്ചത്. മേഖലാ ജാഥയിലും തുടര്‍ന്ന് നടന്ന പദയാത്രയിലും ഇടത് സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷമാണ് അലയടിച്ചത്. കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ പദയാത്രയില്‍ പങ്കെടുത്തു.
നാലു മേഖലാ ജാഥകളാണ് വിശ്വാസികളുടെ വന്‍ സ്വീകരണം ഏറ്റുവാങ്ങി ചെങ്ങന്നൂരില്‍ സംഗമിച്ചത്. കാരയ്ക്കാടു നിന്ന് ആരംഭിച്ച പദയാത്ര എം സി റോഡിലൂടെ പന്തളത്ത് എത്തിച്ചേര്‍ന്നു. പന്തളത്ത് സമാപന സമ്മേളനം പുരോഗമിക്കുകയാണ്. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന് എംഎല് എ, രമേശ് ചെന്നിത്തല എംഎല്‍എ ,എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് , അടൂര്‍ പ്രകാശ് , ബെന്നി ബഹ്നാന് , ആന്റോ ആന്റണിഎംഎം ഹസന്, പി സി വിഷ്്ണുനാഥ് എംഎല് എ, എപി അനില്‍കുമാര്‍ എംഎല് എ അന്‍വര്‍ സാദത്ത് എം എല്‍ എ , ടി സിദ്ദിഖ് എംഎല് എ, എ എ ഷുക്കൂര്‍ , വി എസ് ശിവകുമാര്‍, യുഡിഎഫ് നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന് എംപി , എം ഷംസുദ്ദീന് എംഎല് എ, ഷിബു ബേബിജോണ്‍, അനൂപ ജേക്കബ് എംഎല്‍എ തുടങ്ങിയവരാണ് ജാഥ നയിച്ചത്.
കെ.മുരളീധരന് നയിച്ച ജാഥ കാഞ്ഞങ്ങാടു നിന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നയിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തു നിന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ച മേഖലാ യാത്ര പാലക്കാട് തൃത്താലയില്‍ നിന്നും, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാന് എംപി നയിച്ച ജാഥ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് നാലു ദിവസങ്ങളായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി.
ലോകത്തെ ലക്ഷക്കണക്കിന് ഭക്തരുടെ വികാരമാണ് ശബരിമല. അവിടെയാണ് ഇതുപോലൊരു കൊള്ള നടന്നത്. ഇത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്. മന്ത്രി വി.എന്‍.വാസവന് രാജി വയ്ക്കണമെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായി അന്വേഷണം നടത്തണമെന്നും ജാഥയില്‍ പങ്കെടുത്ത വിശ്വാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന്റ ജ്വാല പടര്‍ത്തിയത്. സംസ്ഥാനത്തുടനീളം വിശ്വാസികള്‍ ജാതി മതവ്യത്യാസമെന്യേ ജാഥയിലേയ്ക്ക് ഒഴുകിയെത്തി. വന്‍ സ്വീകാര്യതയാണ് യാത്രയ്ക്ക് ഉടനീളം ലഭിച്ചത് .