Madras High Court| ദൈവത്തിനു വിവേചനമില്ല; ജാതിയുടെ പേരില്‍ വിശ്വാസത്തെ ഹനിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

Jaihind News Bureau
Sunday, November 9, 2025

ചെന്നൈ: ദൈവം ചില തെരുവുകളില്‍ മാത്രം വസിക്കുന്നില്ലെന്നും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ വേലി കെട്ടി നിര്‍ത്താന്‍ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ഭരണഘടനയുടെ അന്തസ്സും തുല്യതയും ഉയര്‍ത്തിപ്പിടിച്ച്, കാഞ്ചീപുരത്തെ ഒരു ക്ഷേത്രരഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാനുള്ള നടപടിയെടുക്കാന്‍ കോടതി ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടു.

പാരമ്പര്യത്തിന്റെ പവിത്രതയില്‍ പൊതിഞ്ഞോ മുന്‍വിധികൊണ്ടോ ദൈവികതയെ പരിമിതപ്പെടുത്താന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ബാലാജിയുടെ ബെഞ്ച് വ്യക്തമാക്കി. ഒരിക്കലും ആരോടും വിവേചനം കാണിക്കാത്ത ദൈവത്തെ ആരാധിക്കുന്നതില്‍ ആര്‍ക്കൊക്കെയാണ് അര്‍ഹതയുള്ളതെന്നോ ഇല്ലാത്തതെന്നോ നിബന്ധനകള്‍ നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തില്‍പ്പെട്ട സെല്‍വരാജ്, തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി ജില്ലാ സെക്രട്ടറി ആനന്ദന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. മുത്തുക്കാളിയമ്മന്‍ ക്ഷേത്രത്തിലെ രഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ക്ഷേത്രത്തില്‍ ദളിതര്‍ക്ക് ആരാധന നടത്താനുള്ള എല്ലാ സൗകര്യങ്ങളും വിവേചനമില്ലാതെ ഉറപ്പാക്കണമെന്നും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വം വകുപ്പിനോടും കോടതി ഉത്തരവിട്ടു.

സവര്‍ണ വിഭാഗക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍, രഥഘോഷയാത്രയുടെ റൂട്ട് മാറ്റുന്നത് പതിറ്റാണ്ടുകളായുള്ള ആചാരം ലംഘിക്കുമെന്നും പ്രത്യാഘാതമുണ്ടാകുമെന്നും വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തൊട്ടുകൂടായ്മ നിര്‍ത്തലാക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍, ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ വേലികെട്ടി നിര്‍ത്തുന്നത് അനുവദിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.