സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി കുടിശിക നല്‍കാത്തത് വഞ്ചന ; കേന്ദ്ര സർക്കാരിനെതിരെ സോണിയാ ഗാന്ധി | Video

Jaihind News Bureau
Wednesday, August 26, 2020

 

ന്യൂഡല്‍ഹി : സംയുക്ത സംസ്ഥാന വ്യവസ്ഥിതിയെ കേന്ദ്ര സർക്കാർ തകർക്കുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജി.എസ്.ടി കുടിശിക നല്‍കാത്തത് വഞ്ചനയാണെന്നും ഇത് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും സോണിയാ ഗാന്ധി പറഞ്ഞു. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വികാരം ഉൾക്കൊള്ളാതെയാണ് നെറ്റ് ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഇത്തരം ഏകാധിപത്യ പ്രവണതകൾക്ക് എതിരെ ഒരുമിച്ച് പ്രവർത്തിക്കാനും പോരാടാനും സോണിയ ഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ധാരണയായി.

സോണിയ ഗാന്ധി വിളിച്ച ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിൽ വലിയ വിമർശനമാണ് കേന്ദ്ര സർക്കാരിന് എതിരെ ഉണ്ടായത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഘട്ടത്തില്‍, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി കുടിശിക നല്‍കാത്തത് വഞ്ചനയാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നിലവില്‍ വന്ന 2017 മുതല്‍ അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ധാരണയനുസരിച്ച് 2022 വരെ സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കേണ്ടതാണ്. എന്നാല്‍ വേണ്ടത്ര നഷ്ടപരിഹാരം കേന്ദ്രം നല്‍കുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളും പരാതിപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ വരുമാന കമ്മിയും സംസ്ഥാനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പഞ്ചാബില്‍ മാത്രം ഈ വര്‍ഷം 25,000 കോടിയുടെ വരുമാന കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

‘ഓഗസ്റ്റ് 11 ന് നടന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ധനസെക്രട്ടറി വ്യക്തമായി പറഞ്ഞത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14% നിര്‍ബന്ധിത നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ല എന്നാണ്. നഷ്ടപരിഹാരം നിഷേധിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളോടും രാജ്യത്തെ ജനങ്ങളോടും കാണിക്കുന്ന വഞ്ചനയാണ്’ – സോണിയാ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് സോണിയ ഗാന്ധി പ്രതിപക്ഷം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. കാർഷിക വിപണനത്തെക്കുറിച്ച് സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. ഇത് കർഷകർക്ക് വൻ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കരട് ഇ.ഐ.എ വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണ് എന്ന് യോഗം വിലയിരുത്തി. പതിറ്റാണ്ടുകളായി സൃഷ്ടിച്ച പൊതുമേഖലാ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം പുരോഗമന, മതേതര, ശാസ്ത്രീയ മൂല്യങ്ങളെ തകർക്കുന്നതാണ്. വിദ്യാർത്ഥികളുടെ വികാരം ഉൾക്കൊള്ളാതെയാണ് കേന്ദ്ര സർക്കാർ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി മുന്നോട്ട് പോകുന്നത്. പരീക്ഷകൾ മാറ്റിവെക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്നും കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും പങ്കെടുത്തു.