ഇ.സി.എച്ച്.എസ് സൗജന്യ ചികില്‍സ സംവിധാനത്തില്‍ വന്‍ വീഴ്ച

Jaihind Webdesk
Thursday, March 7, 2019

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വഴി വിമുക്തഭടന്മാര്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ ചികില്‍സ സംവിധാനത്തില്‍ ഇസിഎച്ച്എസിന് വന്‍ വീഴ്ച. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് വൈകിപ്പിച്ചതോടെ് ഇ.സി.എച്ച്.എസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ക്ക് ലക്ഷങ്ങളുടെ കുടിശിഖയാണ് കൊടുത്തു തീര്‍ക്കാനുള്ളത്.

സംസ്ഥാനത്ത് ഇ.സി.എച്ച്.എസിന്‍റെ കീഴിലുള്ള ആശുപത്രികളിലാണ് സൗജന്യ ചികിത്സ മുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി് മേഖലകളിലായി 80 കോടിയിലധികം രൂപ നല്‍കാനുണ്ടെന്നാണ് ഇ.സി.എച്ച്.എസ് ചികിത്സ പട്ടികയിലുള്ള ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഫണ്ട് മുടങ്ങിയതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പദ്ധതിയോട് അനുബന്ധിച്ചുള്ള സൗജന്യചികിത്സ പൂര്‍ണ്ണമായും ഇല്ലാതായി. ലക്ഷങ്ങളുടെ കുടിശിഖയാണ് ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ മടക്കി നല്‍കാനുള്ളത്. അതിനു പുറമേ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ 20 ലക്ഷം രൂപയാണ് കുടിശിഖയുണ്ടായിരുന്നത്.

ഈ വിഹിതം പല ഘട്ടങ്ങളിലായി നല്‍കിയെങ്കിലും ചികിത്സ പുനരാരംഭിച്ചിട്ടില്ല. ഇതുപോലെ ലക്ഷങ്ങള്‍ കൊടുക്കാനുള്ള ആശുപത്രികള്‍ വേറെയും പട്ടികയിലുണ്ട്. റഫല്‍ ആശുപത്രികളില്‍ നിലവിലുണ്ടായിരുന്ന ചികിത്സാ സൗജന്യം ഒട്ടേറെ വിമുക്തഭടന്‍മാര്‍ക്ക് ഏറെ സഹായകരമായിരുന്നു. ഇന്ത്യയിലെ മൂന്ന് സേന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ വാനോളം ഉയര്‍ത്തിക്കാട്ടി രാജ്യസുരക്ഷയുടെ പേരില്‍ അഭിമാനം കൊള്ളുന്ന മോദി സര്‍ക്കാരാണ് അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കേണ്ട അനുകുല്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.