മോദിയും മങ്ങി; ഇനി ബി.ജെ.പി എന്തുപറയും?

Jaihind Webdesk
Tuesday, December 11, 2018

ന്യു ദല്‍ഹി: മോദിയുടെ പി.ആര്‍ കമ്പനികള്‍ ഉണ്ടാക്കിക്കൊടുത്ത വ്യാജ ഇമേജും ഇടിഞ്ഞുവെന്നതിന്റെ തെളിവാണ് ഇന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന്റെ ഗോധയിലേക്ക് അടുത്തവര്‍ഷം കടക്കുന്ന ഭരണമുന്നണിക്ക് നേട്ടങ്ങളൊന്നും തന്നെ പറയാനില്ലാത്ത സാഹചര്യമാണ് ഉള്ളത്. ആകപ്പാടെ പ്രതീക്ഷയുണ്ടായിരുന്നത് നരേന്ദ്രമോദിയുടെ ‘ഇമേജ്’ നാടകങ്ങളുമായിരുന്നു. അതിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഇനിയെന്തുപറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന ചോദ്യമാണ് ബി.ജെ.പിയിക്ക് മുന്നിലുള്ളത്.
അവര്‍ സ്വപ്‌നംകണ്ട വിജയം നേടാത്തതിന്റെ ആശങ്കയിലാണു ബിജെപി. വലിയ നേതാവെന്ന് പാര്‍ട്ടി പറയുന്ന മോദിയുടെ തോളിലേറി മാത്രം പടുകൂറ്റന്‍ ജയമെന്ന ആത്മവിശ്വാസം പാര്‍ട്ടി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് നേതാക്കള്‍ അടക്കം പരയുന്നത്. സര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെന്ന് പറഞ്ഞുനടന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്നു മോദിയും സര്‍ക്കാരും തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിയുടെ നെടുന്തൂണാണു മോദിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ഫലിക്കാതെ പോയ മോദിതരംഗം. മാസങ്ങള്‍ക്കുമുമ്പു നടന്ന കര്‍ണാടക, ഇക്കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മോദിഷാ സഖ്യത്തിനേറ്റ തിരിച്ചടി കൂടിയാണ്. ബിജെപിയും സര്‍ക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവെന്ന അവസ്ഥയ്ക്ക് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചോദ്യങ്ങളുയരും.

എന്നാല്‍ നോട്ടുനിരോധനം ജനത്തെ ആകെയും ജി.എസ്.ടി വ്യാപാര സമൂഹത്തെയും മോദിയില്‍നിന്ന് അകറ്റി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍ വിലത്തകര്‍ച്ച മൂലം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക രോഷവും തിരിച്ചടിയായി. വികസന അജണ്ടക്കൊപ്പം രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡയെ പുല്‍കാനുള്ള ശ്രമങ്ങളും മോദിക്കും കൂട്ടര്‍ക്കും തുണയായില്ല.

അഞ്ചു സംസ്ഥാനങ്ങളിലും മോദിയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു എന്നതു ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനു മുമ്പു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍, ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന തിരിച്ചറിവില്‍ മോദിയെ ‘പൊതിഞ്ഞു സൂക്ഷിക്കാനായിരുന്നു’ ബിജെപി ശ്രദ്ധിച്ചത്. ഗുജറാത്തില്‍ 34 പ്രചാരണ റാലികളില്‍ മോദി പങ്കെടുത്തെങ്കില്‍, മധ്യപ്രദേശ് ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ ആകെ 24 റാലികളിലേ മോദിയെ കണ്ടുള്ളൂ. അതായത്, ബിജെപി തുടര്‍ച്ചായി ഭരണത്തിലുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഴിഞ്ഞ തവണ ഭരണത്തിലേറിയ രാജസ്ഥാനിലും പാര്‍ട്ടി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം അവിടത്തെ നേതാക്കള്‍ക്കാണ് എന്നു സ്ഥാപിക്കലായിരുന്നു ലക്ഷ്യം.

ഇവിടങ്ങളില്‍ മോദിയുടെ പ്രസംഗവിഷയങ്ങളും ശ്രദ്ധേയമാണ്. നെഹ്‌റുഗാന്ധി കുടുംബത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ മാത്രമാണ് മോദി തന്റെ പ്രസംഗങ്ങളെ ഉപയോഗിച്ചത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പ്രസംഗത്തില്‍ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല.