ന്യൂഡൽഹി : ഇറ്റലി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്ന മലയാളികളുടെ മടക്കത്തിന് വേണ്ട അടിയന്തര സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം പി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാജിത്യ സിന്ധ്യയ്ക്ക് നിവേദനം നൽകി. കൊവിഡ് പ്രതിസന്ധിയിൽ നൂറുകണക്കിന് ആളുകളാണ് ജോലിക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരാണ്.
സമയബന്ധിതമായി മടക്കയാത്ര നടക്കാത്തതിനാൽ പലരുടെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകാനാകാതെ വിഷമിക്കുന്ന മലയാളികളുടെ പ്രശ്നം ഇതിനുമുന്പ് എം.പി മന്ത്രിയെ നേരിൽകണ്ട് ധരിപ്പിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ അതാത് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ മടക്കം സുഖമാമാക്കുന്നതിനുള്ള നടപടികൾ മന്ത്രാലയത്തിൽ നിന്നും അടിയന്തരപ്രാധാന്യത്തോടെ ഉണ്ടാകണമെന്ന് എം.പി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.