വ്യാജ, വിദ്വേഷ വാർത്തകളില്‍ ഫേസ്ബുക്കിന്‍റെ പങ്ക് ജനങ്ങള്‍ ചോദ്യം ചെയ്യണം: രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, August 18, 2020

 

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിധ്വേഷ പോസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫേസ്ബുക്ക് മേധാവിക്കയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. നാം നേടിയെടുത്ത ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടേയും വിദ്വേഷപ്രസംഗത്തിലൂടേയും തകര്‍ക്കുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ വ്യാജവാര്‍ത്തകളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും പ്രചാരണത്തിലും ഫേസ്ബുക്കിന്റെ പങ്ക് ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടണമെന്നും കത്ത് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ബിജെപി നേതാക്കളുടെ വിധ്വേഷ പോസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സംഘടന കാര്യ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പിയാണ് ഫേസ്ബുക്ക് മേധാവിക്ക് കത്ത് നല്‍കിയത്. രണ്ട് മാസത്തിനകം അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ ഫേസ്ബുക്ക് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകിയതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എം പി ആരോപിച്ചു. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ഫണ്ട് നൽകിയത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.