ആക്രമണത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും; രാഹുല്‍ ഗാന്ധിക്കും പോലീസിനും ഭീഷണിയുമായി ഫേസ്ബുക്ക് പോസ്റ്റ്

Jaihind Webdesk
Saturday, June 25, 2022

വയനാട്: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകര്‍ക്കുകയും സ്റ്റാഫുകളെ മർദ്ദിക്കുകയും ചെയ്ത എസ്എഫ്ഐ അക്രമികളുടെ കൂട്ടത്തില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അവിഷിത് കെ.ആർ ആണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ ക്രിമിനല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും പോലീസിനുമെതിരെ ഭീഷണി മുഴക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി അവിഷിത് വീണ്ടും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല ‘അയാളുടെ’ പാർലമെന്‍റ് മണ്ഡലമെന്നും കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പണിയെടുക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിരോധിക്കേണ്ടിവരുമെന്നുമുള്ള ഭീഷണിയുടെ സ്വരത്തിലായിരുന്നു അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധം ഉയർത്തിയതോടെ അക്രമം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവര്‍ത്തകർക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് നിർബന്ധിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുടെ സ്വരത്തിലുള്ള പ്രതികരണവുമായി അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം അവിഷിത് നിലവില്‍ തന്‍റെ സ്റ്റാഫ് അംഗം അല്ലെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജും  രംഗത്തെത്തി.