അരുണാചല്‍ അതിർത്തിയില്‍ ഇന്ത്യ-ചൈന സംഘർഷം; സൈനികർക്ക് പരിക്ക്

Jaihind Webdesk
Monday, December 12, 2022

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഇരു വിഭാഗങ്ങളിലെയും സൈനികർക്ക് നിസാര പരിക്കുകളേറ്റു. സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് ഇരുവിഭാഗവും പിന്‍വാങ്ങുകയായിരുന്നു. ഡിസംബര്‍ 9 വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

ചൈനയുടെ പ്രകോപനത്തിന് തിരിച്ചടി നല്‍കിയെന്ന് ഇന്ത്യയുടെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലാണ് സംഘർഷമുണ്ടായത്. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചത് ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. 300 ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണരേഖ ലംഘിച്ചെത്തിയത്. എന്നാല്‍ ഇന്ത്യൻ സൈന്യവും തയാറെടുപ്പിലാണെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങൾ പറഞ്ഞു. സംഘർഷത്തില്‍ ഇന്ത്യയുടെ ആറ് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. ഇവരെ ചികിത്സയ്ക്കായി ഗുവാഹത്തിയിലേക്ക് കൊണ്ടുവന്നു. ചൈനയുടെ ഭാഗത്ത് ഇതിന്‍റെ ഇരട്ടി പരിക്കുകളുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് മറ്റൊരു ഇന്ത്യ-ചൈന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2020 ല്‍ ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഇതില്‍ ഏറ്റവും രൂക്ഷമായത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ 40 സൈനികരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ അതിർത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.