കാസർകോട്: 2019-ല്‍ പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പരോൾ അപേക്ഷ കൊടുത്തിരിക്കുന്നത്. 2025 ജനുവരി 3 നായിരുന്നു പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി വന്നത്. ഒരു മാസത്തിനുള്ളിലാണ് പരോളിനുള്ള അപേക്ഷ നല്‍കിയതും. ബേക്കൽ പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരോളിൽ തീരുമാനമുണ്ടാകുക.
2019 ഫെബ്രുവരി 17 നാണ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്‍റെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ സിപിഎം അരുംകൊല ചെയ്ത ദിനം. കൃത്യം നടന്ന് ആറു വർഷം പൂർത്തിയാകുന്ന അവരുടെ ഓർമ ദിവസമായ ഇന്നുതന്നെയാണ് പ്രതികളുടെ പരോൾ അപേക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതും. കണ്ണീരുണങ്ങും മുമ്പേ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ക്കും നാടിനും വേദനയുടെ ആഴം കൂട്ടുന്നതായിരുന്നു സർക്കാരിന്‍റെ നിലപാട്.
കേസിൽ എട്ടാം പ്രതി സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ ഉൾപ്പെടെ പത്തുപ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. സി.പി.എം. പ്രാദേശികനേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27-നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. 22 മാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷവിധിച്ചത്. ഡിസംബർ 28-ന് 14 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടയക്കുകയുംചെയ്തു.