പഹല്‍ഗാമിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലെ ഭീകരാക്രമണം അങ്ങേയറ്റം അപലപനീയവും ഹൃദയഭേദകവുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി അദ്ദേഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കെട്ടെ എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭീകരതയ്ക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരില്‍ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങള്‍ക്ക് പകരം, ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീദിതമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും എത്രയും വേഗം സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത്, സമാധാനം തകര്‍ക്കുന്ന ഇത്തരം നീചമായ പ്രവൃത്തികളെ കഠിനമായി അപലപിക്കണം.
കശ്മീരും അവിടുത്തെ ജനങ്ങളും അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ കശ്മീരിയത്തിന്റെ അന്തര്‍ലീനമായ സന്ദേശം അതിന്റെ സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനാല്‍, അത്തരമൊരു ആക്രമണം കശ്മീരിന്റെ ധാര്‍മ്മികതയുടെ കാതലായ ഭാഗത്തെയാണ് ബാധിക്കുന്നത്. കെ സി വേണുഗോപാല്‍ പറഞ്ഞു
തീവ്രവാദി ആക്രമണത്തില്‍ കശ്മിര് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കടുത്ത രോഷം പ്രകടിപ്പിച്ചു, വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിന്‍ഹ പറഞ്ഞു.
ഇന്നുച്ചകഴിഞ്ഞ് 2. 30നാണ് കശ്മിരിലെ പഹല്‍ഗാമില്‍ വിനോദനസഞ്ചാര സംഘത്തിനു നേരേ ആയുധധാരികള്‍ വെടിവച്ചത്. ഭേല്‍പുരി കഴിക്കുകയായിരുന്ന സംഘാംഗത്തിനു നേരേ ഒരാള്‍ എത്തി വെടിവച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഒറ്റയ്ക്കായിരുന്നില്ലെന്നും കുറഞ്ഞത് മൂന്നു പേരെങ്കിലും അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായി മറ്റുള്ളവര്‍ പറയുന്നു.
അതിനിഷ്ഠുരമായ ആക്രമണമാണ് ഉണ്ടായതൈന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും അദ്ദേഹം സൂചന നല്കി. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തിയും അപലപിച്ചു. മലകയറി കുന്നിന് മുകളിലെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികളാണ് ആക്രമണത്തിന് വിധേയമായത്. ലഷ്കര്‍-ഇ-തൊയ്ബ വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സേന സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരില്‍ ചിലരെ നാട്ടുകാര്‍ തന്നെ അവരുടെ കുതിരകളില്‍ കയറ്റി പുല്‍മേടുകളില്‍ നിന്ന് താഴെയിറക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ 12 വിനോദസഞ്ചാരികളെ അവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും പഹല്‍ഗാം ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.
38 ദിവസം നീണ്ടു നില്ക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനം ജൂലൈ 3 ന് ആരംഭിക്കാനിരിക്കെയാണ് ഈ ആക്രമണം.