തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍ 1.5 കോടി രൂപ ചെലവഴിക്കുന്നതില്‍ രൂക്ഷവിമര്‍ശനം. അതിദരിദ്രര്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനായി നീക്കിവെച്ച ഫണ്ടില്‍ നിന്ന് 1.5 കോടി രൂപ വെട്ടിക്കുറച്ചാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത് എന്നതാണ് വിവാദങ്ങള്‍ക്ക് ആധാരം. സര്‍ക്കാരിന് ആരോടാണ് എന്തിനോടാണ് ആത്മാര്‍ത്ഥത എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.
ഒക്ടോബര്‍ 26-ന് തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഭവന നിര്‍മ്മാണത്തിനായി ആദ്യം നീക്കിവെച്ച 52.8 കോടി രൂപ 1.5 കോടി വെട്ടിക്കുറച്ച് 51.3 കോടിയായി കുറച്ചു. ഈ തുക ഉപയോഗിച്ചാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ദാരിദ്ര്യം ഇല്ലാതാക്കല്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയുടെ ‘ആഘോഷ’ത്തിനായി പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് തന്നെ പണം വകമാറ്റുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ്.

പരിപാടിക്ക് മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയ താരങ്ങളെ എത്തിച്ച് ആഘോഷമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍, വ്യക്തിപരമായ അസൗകര്യങ്ങള്‍ അറിയിച്ച് മോഹന്‍ലാലും ചെന്നൈയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ കമല്‍ഹാസനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. മമ്മൂട്ടി മാത്രമാണ് മുഖ്യാതിഥിയായി തലസ്ഥാനത്ത് എത്തിയത്.
കേരളപ്പിറവി ദിനമായ ഇന്ന്, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ അവകാശവാദം ‘ശുദ്ധ തട്ടിപ്പാണെന്ന്’ ആരോപിച്ച് പ്രതിപക്ഷം നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മാദ്ധ്യമങ്ങളിലെല്ലാം കോടികള്‍ ചെലവിട്ട് പരസ്യം ചെയ്തശേഷം അതിന്റെ പേരില്‍ എല്ലാ എംഎല്‍ എമാരേയും തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു വരുത്തി അങ്ങനയെും കോടികള്‍ ചെലവാക്കുന്നതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 64,006 കുടുംബങ്ങള്‍ക്ക് കൂടി സൗകര്യങ്ങള്‍ ഉറപ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍, 2021-ലെ ഇടതുപക്ഷ പ്രകടനപത്രികയില്‍ 4.5 ലക്ഷം ‘പരമദരിദ്രര്‍’ എന്ന കണക്ക് നാലര വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെ 64,006 കുടുംബങ്ങളായി ചുരുങ്ങി എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നു. സഭാ സമ്മേളനം വിളിച്ച മാനദണ്ഡങ്ങള്‍ മുതല്‍ പ്രഖ്യാപനത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധി വരെ പ്രതിപക്ഷം ചോദ്യം ചെയ്തു.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള ഒരു ജനകീയ പദ്ധതിയുടെ പ്രഖ്യാപനം ആഘോഷമാക്കാന്‍ പാവപ്പെട്ടവരുടെ ഫണ്ടില്‍ നിന്ന് പണം വെട്ടിക്കുറച്ചതും, കണക്കുകളിലെ അവ്യക്തതകളും സര്‍ക്കാരിന്റെ സത്യസന്ധതയെയും ജനങ്ങളോടുള്ള പ്രതിബദ്ധതയെയും ചോദ്യം ചെയ്യുന്നതാണ്.