ശ്രീനഗര്‍ വിമാനത്താവളത്തില്‍ സൈനിക ഉദ്യോഗസ്ഥന് നാല് സ്പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു. അധിക ലഗേജിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം. ജൂലൈ 26-ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബോര്‍ഡിംഗ് ഗേറ്റില്‍ വെച്ചാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നട്ടെല്ലിന് ഒടിവും മറ്റൊരാളുടെ താടിയെല്ലിന് ഗുരുതരമായ പരിക്കും സംഭവിച്ചു.
യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥന് കൈവശം വെച്ചിരുന്നത് അനുവദനീയമായ ഭാരത്തേക്കാള്‍ (7 കിലോഗ്രാം) കൂടുതലുള്ള (16 കിലോഗ്രാം) രണ്ട് ക്യാബിന് ബാഗേജുകളാണ്. ഇതിന് അധിക ചാര്‍ജ് നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് സൈനിക ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ സൈന്‍ബോര്‍ഡ് ഉപയോഗിച്ച് ജീവനക്കാരെ തല്ലുകയും ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു ജീവനക്കാരന് ബോധരഹിതനായി നിലത്ത് വീണു. സഹായിക്കാന്‍ ശ്രമിച്ച മറ്റൊരു ജീവനക്കാരന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. എയര്‍ലൈന്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യാത്രക്കാരനെതിരെ വ്യോമയാന ചട്ടങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.
കൂടുതല്‍ നടപടികള്‍ക്കായി വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി.