ബിജെപി സഖ്യകക്ഷിയായ ജെഡിഎസിനെ പുറത്താക്കാത്തത് സിപിഎമ്മിന്റെ സംഘപരിവാര്‍ മനസ്സിന് തെളിവ്; കെ.സുധാകരന്‍ എംപി

Jaihind Webdesk
Tuesday, September 26, 2023

തിരുവനന്തപുരം: ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാതെ പിണറായി സര്‍ക്കാര്‍ ജനസദസ്സ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തയ്യാറെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ്-സംഘപരിവാര്‍ അനൂകുല മനസ്സ് പ്രകടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.

ബിജെപി വിരുദ്ധത സിപിഎമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘപരിവാര്‍ വിരോധത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍, ബിജെപി പാളയത്തിലെത്തിയ ജെ.ഡിഎസിനെ ഉടനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനില്‍ക്കാനോ ആവശ്യപ്പെടുമായിരുന്നു.അതിതുവരെ ഉണ്ടാവാത്തതിലൂടെ സംഘപരിവാര്‍ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന സമീപനം സിപിഎം സ്വീകരിക്കുന്നതും ഇതേ മാനോഭാവത്തോടെയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് മാത്രമാണ്. സിപി എമ്മിന് ബിജെപിയോട് ഒരിക്കലും അയിത്തം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ബിജെപി ഉന്നത സൗഹൃദത്തിന്റെ ഗുണഫലമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തിന്റെ നിഴലിനെ പോലും ഭയക്കുന്നത് സംഘമിത്രത്തോടുള്ള കൂറുകൊണ്ടാണ്. കരുവന്നൂരിലെ നിക്ഷേപതട്ടിപ്പില്‍ നടക്കുന്ന ഇഡി അന്വേഷണത്തിന്റെ ഗതി വരുംദിവസങ്ങളില്‍ അറിയാം. സിപിഎം -ബിജെപി ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന ബൈപ്പാസായി ജെഡിഎസിന്റെ ബിജെപി സഖ്യ പ്രവേശനം മാറും. അതിനാലാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ഡിഎസിനെ കേരളത്തില്‍ ചുമക്കാന്‍ സിപിഎം തീരുമാനിച്ചത്.

സിപിഎമ്മിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനും പണം പിരിക്കാനും വേണ്ടിയുള്ള ഉപാധിയായി കേരളീയം, ജനസദസ്സ് പരിപാടികളെ മാറ്റുകയാണ് ലക്ഷ്യം. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കോടികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിരിക്കുക എന്ന നിഗൂഢലക്ഷ്യമാണ് മന്ത്രിമാരുടെ മണ്ഡലപര്യടനത്തിന് പിന്നിലെ ഉദ്ദേശം. നാളിതുവരെ ജനങ്ങളിൽ നിന്നും അകലം പാലിച്ച എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് അമിത താല്‍പ്പര്യം കാട്ടുന്നതിലെ പിന്നിലെ ചതി തിരിച്ചറിയാനുള്ള വിവേകം കേരളജനതക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു