പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം; 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി

Jaihind Webdesk
Tuesday, June 15, 2021

പത്തനംതിട്ട : പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊലീസ് കണ്ടെത്തിയത്. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ഇവ കണ്ടെടുത്തത്.

കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനമേഖലയില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് വനംമേഖലയില്‍ വയക്കര പ്രദേശത്ത്  ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഒന്നര മാസത്തോളം പഴക്കം കണക്കാക്കുന്നതായാണ് പ്രാഥമിക വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

പത്തനാപുരം പാടത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നില്‍ തീവ്രവാദബന്ധം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഇന്‍റലിജന്‍സും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വനപ്രദേശത്തുനിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതോടെ തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചേക്കും.