കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
O2685 നമ്പറില്‍ ഉള്ള ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍.പി.എഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്‍റെ ഡി 1 കമ്പാര്‍ട്ട്മെന്‍റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
ഇവരെ ആര്‍.പി.എഫും പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശേരിയില്‍ കിണർ നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്നാണ് ഇവരുടെ മൊഴി.